വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തു; മുട്ടട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട ഡിവിഷന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതി അംഗീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണമെന്നും കാണിച്ച് സിപഐ എം പരാതി നല്‍കിയിരുന്നു. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വൈഷ്ണ മുട്ടട വാര്‍ഡില്‍ താമസമില്ല എന്ന് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ മുട്ടട വാര്‍ഡില്‍ താമസിക്കുന്നതിനുള്ള വാടക കരാറോ , കെട്ടിടത്തിന്റെ വിവരങ്ങളോ ഹാജരാക്കിയിരുന്നില്ല.

18/564 എന്ന കെട്ടിട നമ്പറില്‍ വൈഷ്ണയുടെ വോട്ട് ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന പേരില്‍ കോണ്‍ഗ്രസ് മുട്ടടയില്‍ അവതരിപ്പിച്ച സ്ഥാനാര്‍ഥിയാണ് വൈഷ്ണ സുരേഷ്.