മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വീണ്ടും തകരാറായതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി.
ഓട്ടോമാറ്റിക് ഡോര്‍ തകരാര്‍, ഡിക്കി തുറക്കുന്നതിലുള്ള ബുദ്ധിമുട്ട്, വാഷ്റൂമില്‍ നിന്നു ദുര്‍ഗന്ധം പുറത്തേക്ക് വമിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമാണ് സര്‍വീസ് നിര്‍ത്തി അറ്റകുറ്റപ്പണിക്കയച്ചത്.
കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം സര്‍വീസായി നടത്തിയിരുന്ന ബസ് കഴിഞ്ഞ അഞ്ചുദിവസമായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബാംഗ്ളൂരിലെ ഭാരത് ബെന്‍സിന്റെ വര്‍ക്ക് ഷോപ്പിലാണ് നിലവില്‍ ബസുള്ളത്.2023-ലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള യാത്രയ്ക്കുശേഷം ആഡംബര ബസ് ഏറെക്കാലം വെറുതെ കിടന്നിരുന്നു.
2024 മേയ് അഞ്ചുമുതല്‍ ബംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ചു. എന്നാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വീസ് നിര്‍ത്തിവച്ചു.പിന്നീട് അടിമുടി സമഗ്രമായ അഴിച്ചുപണി നടത്തി ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ബംഗളൂരു സര്‍വീസ് വീണ്ടും തുടങ്ങി.
11 അധിക സീറ്റ് ഏര്‍പ്പെടുത്തി. മൊത്തം സീറ്റുകളുടെ എണ്ണം 37 ആയി ഉയര്‍ത്തി. വാഷ് റൂം നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് ഒഴിവാക്കിയശേഷം അവിടെ വാതില്‍ ഘടിപ്പിച്ചു. പിന്‍ഭാഗത്തെ വാതിലും ഒഴിവാക്കി. 1. 05 കോടിയായിരുന്നു ബസിൻ്റെ വില. പിന്നിട് നിരവധി മോഡിഫിക്കേഷൻ ബസിൽ നടത്തിയതിന് ശേഷമാണ് നവകേരള യാത്രക്ക് മുഖ്യമന്ത്രിയും സംഘവും ബസ് ഉപയോഗിച്ചത്. ബസിന് മൊത്തം ചെലവ് 2 കോടി രൂപയായിരുന്നു.