കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് നിരവധി ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ സംഭവത്തിൽ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടൻ തീരുമാനിച്ചിടത്ത് നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, നടൻ സിദ്ദിഖിനെതിരെ കൂടുതൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിട്ടുണ്ട്. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ രേവതി സിനിമയിൽ നിന്നും സിദ്ദിഖിനെ വിലക്കണം എന്നും ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല ഹോട്ടൽ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറി. സിദ്ദിഖിന് പുറമേ നടൻ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ളീലം പറഞ്ഞു.
സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി നടി വ്യക്തമാക്കി. സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച് മാത്രമാകുമെന്ന് പറഞ്ഞ നടി നീതി ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയാൽ കേസുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. ഒരു പോരാട്ടത്തിനിറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്. സിദ്ദിഖിനെതിരെ മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും. സിദ്ദിഖിനെതിരെ തെളിവുകൾ കൈയിലുണ്ടെന്നും രേവതി സമ്പത്ത് പറഞ്ഞു.