സര്‍ക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് മന്ത്രിസഭയിലെ രണ്ടാംകക്ഷിയായ സിപിഐ രംഗത്തെത്തി. സിപിഐക്ക് വ്യത്യസ്ത നിലപാടാണ് എന്ന് റവന്യു മന്ത്രി കെ രാജന് പ്രതികരിച്ചു. എന്നാല്‍ വിഷയം നിയമസഭയില്‍ ബില്ല് ആയിട്ട് വരുമ്പോള്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതികരിച്ചു.ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ തീരുമാനിച്ചു. നയമനുസരിച്ച് ഐടി പാര്‍ക്കുകളില്‍ ബാര്‍ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം .ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന.
സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലാണ് പ്രഖ്യാപിച്ചത്. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.