നിതിൻ രാജിന്റെ മരണം; ഡോ. റാം ഹൈക്കോടതിയിലേക്ക്

ണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, മുൻകൂർ ജാമ്യത്തിനായി ഒന്നാം പ്രതി ഡോ. എം.കെ. റാം ഹൈക്കോടതിയെ സമീപിക്കുന്നു. നേരത്തെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് മേൽക്കോടതിയെ സമീപിക്കാനുള്ള നീക്കം.

കേസിലെ മറ്റ് പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് കഴിഞ്ഞ ദിവസം തലശ്ശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം നടന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ലോൺ ആപ്പുകാരുടെ ഭീഷണി, പ്രിൻസിപ്പാളിന്റെ മുറിയിൽ നടന്ന ചോദ്യം ചെയ്യൽ, തുടർന്നുണ്ടാകാൻ സാധ്യതയുള്ള നടപടികളെക്കുറിച്ചുള്ള ഭയം എന്നിവയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.

അധ്യാപകരുടെ പെരുമാറ്റം ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, നിതിൻ രാജിനെ പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് ‘കൂട്ട വിചാരണ’ ചെയ്ത സമയത്ത് ഡോ. റാമിന്റെ സജീവ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഡോ. റാമും സംഗീത നമ്പ്യാരും ഒളിവിലായിരുന്നു.