“പ്രതിഷേധ മുദ്രാവാക്യങ്ങൾ വിവാദത്തിൽ: മുൻ ഡിജിപി ആർ. ശ്രീലേഖ ഉൾപ്പെടെ 20 പേർക്ക് നോട്ടീസ്”

പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർക്ക് കുരുക്ക് മുറുകുന്നു. കേസിൽ ചോദ്യം ചെയ്യലിനായി നാളെ നോട്ടീസ് നൽകാൻ പോലീസ് തീരുമാനിച്ചു. ശ്രീലേഖ ഉൾപ്പെടെ 20 പേരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക.
നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധത്തിൽ ആദ്യം ശ്രീലേഖയെ ഒഴിവാക്കിയാണ് കേസെടുത്തിരുന്നത്. രണ്ട് കൗൺസിലർമാരും കണ്ടാലറിയാവുന്ന 50 പേരുമായിരുന്നു ആദ്യ പട്ടികയിലുണ്ടായിരുന്നത്. മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ ശ്രീലേഖയെ ഉൾപ്പെടുത്തി 20 പേരെ പ്രതികളാക്കി നെടുമങ്ങാട് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകുകയായിരുന്നു. പോലീസ് സേനയെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിൽ “പോടോ പുല്ലേ പോലീസേ” എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതിനെത്തുടർന്നാണ് നടപടി.