കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത്. നവീൻ ബാബു തസ്തികയിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിൽ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്.
പൊതുപ്രവർത്തകനും ഹെെക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ആണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് പരാതികൾ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിരിക്കുന്നത്.നവീൻ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരത്തെ കെെമാറിയിരുന്നു. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ ഗീതയുടെ റിപ്പോർട്ടാണ് മന്ത്രി കെ രാജൻ മുഖ്യമന്ത്രിയ്ക്ക് കെെമാറിയത്.
നവീൻ ബാബു കെെക്കൂലി വാങ്ങി എന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി. തന്റെ സമ്മതമില്ലാതെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകൻ എസ്. ശ്രീകുമാറിന്റെ വക്കാലത്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഒഴിഞ്ഞു. മഞ്ജുഷ കൊടുത്ത അപ്പീലിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല . ആവശ്യപ്പെടാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നുമില്ല. സി.ബി.ഐ അന്വേഷണം മാത്രമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന് വിരുദ്ധമായാണ് വ്യാഴാഴ്ച അഭിഭാഷകൻ ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.