തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണമില്ല.വീണ്ടും അന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചു.കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ച് പിന്‍വലിക്കുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ വ്യക്തമാക്കി.ബിജി മോളും ഗീതാ ഗോപിയുമാണ് ഹര്‍ജികള്‍ നല്‍കിയിരുന്നത്.വിചാരണ തീയതി നിശ്ചയിക്കാന്‍ 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും.
കൈയാങ്കളി കേസില്‍ വിചാരണ നീട്ടാനാണ് ഇത്തരം ഹര്‍ജികളെന്നും ഹര്‍ജിക്കാരുടെ ആവശ്യം തള്ളണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു എന്നാല്‍ വിശദമായ വാദം വേണമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ഇന്ന് കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോഴാണ് പിന്‍വലിക്കുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ അറിയിച്ചത്. മന്ത്രിയും എല്‍ഡിഎഫിന്റെ ഉന്നത നേതാക്കളും ഉള്‍പ്പെടുന്ന കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തടസ്സ ഹര്‍ജിയുമായി മുന്‍ എംഎല്‍എമാര്‍ കോടതിയെ സമീപിച്ചതും ഇപ്പോള്‍ പിന്‍വലിച്ചതും.