തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി പദ്ധതിപ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. 50 കോടിക്ക് മുകളിൽ തുക ചെലവഴിച്ച് നിർമ്മിച്ച റോഡുകളിൽ നിന്ന് ടോൾ ഈടാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. സർക്കാരിന്റെ ഈ തീരുമാനം വായ്പ എടുക്കുന്നതിലെ പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ്.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയതോടെ വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു. വായ്പ പരിധി കുറച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയപാത അതോറിറ്റി പിരിക്കുന്ന മാതൃകയിലാവും കിഫിബിയുടെ ടോൾ. ദേശീയ പാതയിൽ എത്രദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നൽകണം.എന്നാൽ കിഫ്ബി റോഡുകളിൽ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതി. തദ്ദേശ വാസികളെ ടോളിൽ നിന്ന് ഒഴിവാക്കും. ടോൾ പിരിക്കാനായി നിയമനിർമ്മാണത്തിന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇക്കാര്യം അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ടോൾ പിരിക്കുന്നത് സംബന്ധിച്ച് കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു. കിഫ്ബി വഴിയുള്ള കടമെടുപ്പ് ബഡ്ജറ്റിന് പുറത്തുള്ളതല്ലെന്നും ഇത് സർക്കാരിന്റെ ബാദ്ധ്യത കൂട്ടുന്നതായും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യ (സിഎജി ) റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതിനാലും സർക്കാർ എല്ലാ വർഷവും ബഡ്ജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാദ്ധ്യത തീർക്കുന്നതിനാലും ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം സ്വീകാര്യമല്ലെന്നാണ് നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വായ്പ കിട്ടാത്ത പ്രശ്നം മറികടക്കുന്നതിന് വേണ്ടിയാണ് ടോൾ പിരിക്കാനുള്ള നീക്കം. ഇനി അങ്ങോട്ട് ടോൾ പിരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് കിഫ്ബി അധികൃതർ പറയുന്നത്. ഇന്ധനസെസും മോട്ടോർവാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്.