തിരുവനന്തപുരം: റേഷന്‍ വാങ്ങാന്‍ പോകുന്നവര്‍ക്കുമാത്രമല്ല, വഴിപോക്കര്‍ക്കും റേഷന്‍കടകളില്‍ നിന്ന് കുപ്പിവെള്ളം വാങ്ങാം. ഒരു ലിറ്ററിന് 10 രൂപ മാത്രം. പൊതുവിപണിയില്‍ ഒരു ലിറ്റര്‍ വെള്ളം 20 രൂപയ്ക്കാണ് വില്‍ക്കുന്നത്.
ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് ഇനി റേഷന്‍കടകള്‍ വഴിയും ലഭിക്കുന്നത്. പൊതുവിപണിയില്‍ ഇതിന് 15 രൂപവരെ ഈടാക്കുന്നുണ്ട്.സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. ശബരിമല സീസണ്‍ കണക്കിലെടുത്ത് ആദ്യ ഘട്ടത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റേഷന്‍ കടകളില്‍ സ്റ്റോക്ക് എത്തിക്കും.
എട്ടു രൂപയ്ക്കാണ് വ്യാപാരികള്‍ക്ക് ലഭിക്കുക. രണ്ടു രൂപ കമ്മിഷന്‍ ലഭിക്കും.കുപ്പിവെള്ളത്തിന് വില കുറയ്ക്കാമെന്ന് സര്‍ക്കാരിനോട് സ്വകാര്യ കമ്പനികള്‍ സമ്മതിക്കുകയും പിന്നീട് 20 രൂപയ്ക്കു വില്‍ക്കുകയും ചെയ്ത നടപടിക്കെതിരെ റേഷന്‍ കടകള്‍ വഴി കുപ്പിവെള്ളം എത്തിക്കുന്ന പദ്ധതി മന്ത്രി തിലോത്തമന്‍ ഭക്ഷ്യ മന്ത്രിയായിരിക്കെയാണ് ആവിഷ്‌കരിച്ചത്. അന്ന് സപ്ലൈകോ വഴി കുപ്പിവെള്ളം റേഷന്‍ കടകളില്‍ 10 രൂപയ്ക്ക് എത്തിക്കാനും 11 രൂപയ്ക്ക് വിപണനം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. കമ്മിഷന്‍ കുറഞ്ഞു പോയി എന്ന വ്യാപാരികളുടെ പരാതിയില്‍ തട്ടി പദ്ധതി അന്നു നടന്നില്ല. അന്നത്തെക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥയിലാണ് ഇപ്പോള്‍ വില്പന.കെ.ഐ.ഐ.ഡി.സി ജനറല്‍ മാനേജരുടെ ആവശ്യം പരിഗണിച്ച് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ചര്‍ച്ച നടത്തി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം കുപ്പിവെള്ള വിതരണ പദ്ധതി അനുവദിച്ചുകൊണ്ട് 25ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.