തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റില്‍ ആകെയുള്ളത് 4,828 ജീവനക്കാരാണ്. ചീഫ് സെക്രടറി വി പി ജോയി രാവിലെ തന്നെ ഓഫിസിലെത്തി. ചീഫ് സെക്രടറിയുടെ ഓഫിസിലെ പ്രധാന ജീവനക്കാരും ജോലിയില്‍ പ്രവേശിച്ചിരുന്നു.ജീവനക്കാര്‍ക്ക് പുറമെ മന്ത്രിമാരില്‍ ഭൂരിഭാഗം പേരും തിങ്കളാഴ്ച സെക്രടേറിയറ്റിലെത്തിയിരുന്നില്ല. സെക്രടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റുള്ള സര്‍കാര്‍ ഓഫിസുകളിലും ഹാജര്‍നില തീരെ കുറവായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ജീവനക്കാര്‍ എത്താത്തതിനാല്‍ സെക്രടേറിയറ്റിലെ ഭരണ നടപടികളും നിലച്ചു. വളരെ പ്രധാനപ്പെട്ട ഫയലുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്ക് ചേരുന്നുണ്ട്.