ബിജെപിക്കെതിരായ ഐക്യനിര രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ വൈകാതെ യോഗം ചേരും. സ്ഥലവും തീയതിയും ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരുമായി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. ജെഡിയു പ്രസിഡന്റ് ലലന്‍ സിങ്ങും ഒപ്പമുണ്ടായിരുന്നു.
പട്നയില്‍ യോഗം ചേരാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്ഥലവും തീയതിയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ മമത നിര്‍ദേശിച്ച സ്ഥലത്ത് യോഗം നടത്തുന്നതിനോട് യോജിപ്പില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ മൂല്യമുയര്‍ന്നിട്ടുണ്ട്. അതേസമയം, തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കില്ലെന്നും ബിജെപിയെ മുട്ടുകുത്തിക്കാന്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി (തൃണമൂല്‍), അരവിന്ദ് കേജ്രിവാള് (ആം ആദ്മി പാര്‍ട്ടി), കെ.ചന്ദ്രശേഖര്‍ റാവു (ബിആര്‍എസ്) എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനു നിതീഷിനെ ഖര്‍ഗെ ചുമതലപ്പെടുത്തിയിരുന്നു. എന്‍സിപി, ഡിഎംകെ, സിപിഎം അടക്കമുള്ള മറ്റു കക്ഷികളുമായി നേരിട്ടു ചര്‍ച്ച നടത്താമെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്.