വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം കടുക്കുന്നു

ണ്ഡല പുനർനിർണയത്തിന് ശേഷം മാത്രം വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നു. പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ, തിടുക്കപ്പെട്ട് പാർലമെന്റ് സമ്മേളനം വിളിച്ച് നിയമഭേദഗതി കൊണ്ടുവരുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സംസ്ഥാന സർക്കാരുകളുമായോ പ്രതിപക്ഷവുമായോ മതിയായ കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

പുതിയ ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യമായ മേൽക്കൈ ലഭിക്കുമെന്നും ഇത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതാ സംവരണം നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ച കേന്ദ്ര നിലപാടിനെ സോണിയ ഗാന്ധിയും രൂക്ഷമായി വിമർശിച്ചു. സെൻസസ് വൈകിപ്പിച്ചത് വഴി കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ നഷ്ടമായെന്നും മണ്ഡല പുനർനിർണയ നീക്കം ഭരണഘടനയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും അവർ പറഞ്ഞു.

ജാതി സെൻസസ് അട്ടിമറിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി ആരോപിക്കുമ്പോൾ, 2029-ഓടെ വനിതാ സംവരണം യാഥാർത്ഥ്യമാകുമെന്നും പാർലമെന്റ് ചരിത്രം കുറിക്കാൻ പോകുകയാണെന്നുമാണ് നരേന്ദ്ര മോദിയുടെ പക്ഷം. ഏപ്രിൽ 16-ന് ചേരുന്ന നിർണ്ണായക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ പാർട്ടികളും തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.