തിരുവനന്തപുരം: ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് 6 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മന്ത്രിയോടൊപ്പം ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറും അനുഗമിക്കും.
മന്ത്രിയുടെ സാധാരണയുള്ള വിദേശ സന്ദർശനം പോലെ കുടുംബാംഗങ്ങള്‍ വിദേശ സന്ദര്‍ശനത്തിന് മന്ത്രിയെ ഇത്തവണ അനുഗമിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെയുള്ള ചില വിദേശ സന്ദര്‍ശനങ്ങളില്‍ ഭാര്യ വീണ വിജയന്‍ റിയാസിനെ അനുഗമിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന്റെ ഭാഗമായാണ് യാത്ര. തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രിട്ടന്‍, സ്‌പെയിന്‍, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കേരള ടൂറിസത്തിന്റെ പ്രാതിനിധ്യം ഉണ്ടാകും.
5.14 കോടിയാണ് ചെലവിട്ടാണ് ആഗോള വിനോദ സഞ്ചാര മേളകളില്‍ കേരളം പങ്കെടുക്കുന്നത്. തായ്‌ലന്‍ഡില്‍ ആഗസ്ത് 27 മുതല്‍ 29 വരെയാണ് ട്രേഡ് ഫെയര്‍. സിംഗപ്പൂരില്‍ ഒക്ടോബര്‍ 23 മുതല്‍ 25 വരെയും ലണ്ടനില്‍ നവംബര്‍ 5 മുതല്‍ 7 വരെയും മാഡ്രിഡില്‍ ജനുവരി 22 മുതല്‍ 26 വരെയും ബെര്‍ലിനില്‍ മാര്‍ച്ച് 4 മുതല്‍ 6 വരെയും മോസ്‌കോയില്‍ മാര്‍ച്ച് 18 മുതല്‍ 20 വരെയും ആണ് ട്രേഡ് ഫെയര്‍.
മന്ത്രിയുടെയും സംഘത്തിന്റെയും യാത്രക്ക് കേന്ദ്രാനുമതി വേണം. ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ പരിപാടിയുമായി ബന്ധപ്പെട്ട യാത്രക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് തടസം ഉണ്ടാകാറില്ല.