ആലപ്പുഴയിലെ പാര്‍ട്ടി ഇരട്ട ജില്ലാ പ്രസിഡന്റുമാരെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കെ എന്‍.സി.പിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയ്‌ക്കെതിരേ തുറന്നടിച്ച് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് രംഗത്തെത്തി. പി.സി. ചാക്കോ വന്നതോടെ എന്‍.സി.പി. ദുര്‍ബലപ്പെട്ടെന്നും പാര്‍ട്ടിയെ നശിപ്പിക്കുക എന്നതാണ് ചാക്കോയുടെ ലക്ഷ്യമെന്നും തോമസ് കെ. തോമസ് ആരോപിച്ചു.
സംസ്ഥാന അധ്യക്ഷനെന്നാല്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്ന ആളല്ല. താന്‍ ശരദ് പവാറിന്റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയുമെന്നുമാണ് ചാക്കോയുടെ മനോഭാവം. ചാക്കോ പാര്‍ട്ടിക്ക് തലവേദനയാണ്. കുട്ടനാട് സീറ്റ് ഇല്ലാതാക്കുകയാണു ലക്ഷ്യം. ആലപ്പുഴയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സംസ്ഥാന പ്രസിഡന്റാണ്”- തോമസ് കെ. തോമസ് വിമര്‍ശിച്ചു.
പി.സി. ചാക്കോ ഞങ്ങളുടെ പാര്‍ട്ടിയിലേക്കു വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. പാര്‍ട്ടിക്ക് ഒരു മന്ത്രിയും എം.എല്‍.എയും ഉണ്ടെന്നു കണ്ട് വന്നതാണ്. ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് കയറി വന്നത്. ശരദ് പവാറാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലയ്ക്കാണ് ഞങ്ങള്‍ മാനിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ വന്ന ശേഷം തന്നിഷ്ടം പോലെയാണു പ്രവര്‍ത്തനം. ഇഷ്ടമുള്ളവരെ സ്ഥാനങ്ങളില്‍ നിയമിക്കുകയാണ്. എം.എല്‍.എമാരോടും ആലോചിക്കുന്നില്ല.
എന്നോട് സംസാരിച്ചതിന്റെ പേരില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അടക്കം ഭാരാവാഹിത്വത്തില്‍നിന്ന് ഒഴിവാക്കി. ജനാധിപത്യം പാര്‍ട്ടിയില്‍ ഇല്ലാതാക്കി. തോന്നിയ പോലെ പോകാന്‍ പറ്റില്ലെന്നു പറഞ്ഞാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തിയത്. ചാക്കോ വരുന്നതിന് മുമ്പേ ഈ പാര്‍ട്ടിയിലുള്ള ആളാണു ഞാന്‍. എന്റെയും എ.കെ. ശശീന്ദ്രന്റേയും വിജയങ്ങള്‍ക്ക് പിന്നില്‍ ചാക്കോയുടെ ഒരു സഹായവും ഇല്ല. പാര്‍ട്ടിയെ ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ മാറിനില്‍ക്കണം തോമസ് കെ. തോമസ് ആവശ്യപ്പെട്ടു.
ദേശീയ നേതൃത്വവുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ശരദ് പവാറുമായും സുപ്രിയ സുലെയുമായും പ്രഫുല്‍ പട്ടേലുമായും ചര്‍ച്ച നടത്തി. രമ്യതയില്‍ പോകണമെന്നാണ് അവര്‍ പറഞ്ഞത്. പവാറിനു മുന്നില്‍ ചാക്കോ കരഞ്ഞു കാണിക്കും. ആലപ്പുഴയില്‍ ഒരു അബ്കാരി കോണ്‍ട്രാക്ടര്‍ക്കു വേണ്ടിയാണ് ചാക്കോ കളിക്കുന്നതെന്നും എം.എല്‍.എ. ആരോപിച്ചു. പാര്‍ട്ടിയിലെ വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം, തോമസ് കെ. തോമസ് എം.എല്‍.എയ്‌ക്കെതിരേ പി.സി. ചാക്കോ വിഭാഗവും പരസ്യപ്രതികരണവുമായി എത്തി. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദിന്റെ നിയമനത്തിനെതിരേ രംഗത്തു വന്നാല്‍ സംഘടനാ നടപടി സ്വീകരിക്കുമെന്ന് പുതിയ ജില്ലാ നേതാക്കള്‍ ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ച സാദത്ത് ഹമീദ് ജില്ലാ കമ്മിറ്റി ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയെന്ന് തോമസ് കെ. തോമസ് കള്ളപ്രചാരണം നടത്തുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. എന്‍.സി.പിയുടെ സംഘടനാ രീതി അനുസരിച്ച് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് സംസ്ഥാന പ്രസിഡന്റാണ്. അഭിപ്രായങ്ങള്‍ കമ്മിറ്റിയില്‍ ഉന്നയിക്കുന്നതിന് പകരം പരസ്യപ്രതികരണം നടത്തിയ എം.എല്‍.എയുടെ നടപടി തുടര്‍ന്നാല്‍ സംഘടനാ നടപടി ഉണ്ടാകുമെന്നും സാദത്ത് ഹമീദ്, അരുണ്‍ പി. സാം, സമദ് താമരക്കുളം, ജോമി ചെറിയാന്‍, ഷാജി കല്ലറയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റായിരുന്ന എന്‍. സന്തോഷ് കുമാറിനെയാണ് തോമസ് കെ. തോമസ് വീണ്ടും ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചിരിക്കുന്നത്. സാദത്ത് ഹമീദിനെയാണ് പി.സി ചാക്കോ ജില്ലാ പ്രസിഡന്റായി നിയമിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസ് ഇരുവിഭാഗവും കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേകം താഴിട്ട് പൂട്ടിയിരുന്നു. താന്‍ പണം നല്‍കി നിര്‍മിച്ച തന്റെ എം.എല്‍.എ. ഓഫീസ് കൂടി ഉള്‍പ്പെടുന്ന മന്ദിരത്തില്‍ ചാക്കോ വിഭാഗം അതിക്രമിച്ചു കയറി വിലപിടിപ്പുള്ള രേഖകള്‍ എടുത്തുകൊണ്ടുപോയെന്നും തോമസ് കെ. തോമസ് ആരോപിച്ചു.