പാര്‍ട്ടി ഫണ്ടില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശിയോട് സി പി എം വിശദീകരണം തേടും. ശശിയുടെ വിശദീകരണം ലഭിച്ചതിനുശേഷമായിരിക്കും നടപടിയെടുക്കുക. ശശിക്കെതിരെ അന്വേഷണ കമ്മിഷന് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ശശിക്കെതിരായ പരാതികളില്‍ അന്വേഷണം നടത്തിയത്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റികളില്‍ നിന്നാണ് കൂടുതലും പരാതി ഉയര്‍ന്നത്. പാര്‍ട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുക പല കാര്യങ്ങള്‍ക്കായി പി കെ ശശി വകമാറ്റി, ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണ ഫണ്ടില്‍ കൈകടത്തിയെന്നുമാണ് പരാതി.
പി കെ ശശി, വികെ ചന്ദ്രന്, സി കെ ചാമുണ്ണി എന്നീ നേതാക്കളുമായി ബന്ധപ്പെട്ട് വിഭാഗതീയത സംബന്ധിച്ച വിമര്‍ശനം ഉയരുന്നതിനിടെയാണ് ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികളില്‍ നടപടി സ്വീകരിക്കുന്നത്. വിഭാഗീയത സംബന്ധിച്ച് മൂവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. വിഭാഗീയത ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പി കെ ശശിയും വി കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് വിമര്‍ശനം.