തിരുവനന്തപുരം: മന്ത്രിമാറ്റ നീക്കത്തിൻ്റെ സാധ്യത വീണ്ടും മങ്ങിയതോടെ സംസ്ഥാന എൻസിപി നേതൃത്വം കടുത്ത അമർഷത്തിൽ. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി സി ചാക്കോ നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അനിഷ്ടം തുടരുമ്പോൾ തോമസ് കെ തോമസിന് മന്ത്രിയാകാൻ കഴിയില്ലെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
എ കെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനുള്ള ദില്ലി ദൗത്യവും പാളി. പവാറും കാരാട്ടും വഴി അവസാനവട്ട ശ്രമത്തിനായിരുന്നു ചാക്കോയുടെയും തോമസ് കെ തോമസിൻ്റെയും ശ്രമം. പക്ഷെ മുഖ്യമന്ത്രി അയയുന്ന സൂചനയില്ല. തോമസിന് ഇതുവരെ മുഖ്യമന്ത്രിയെ കാണാൻ പോലും കഴിഞ്ഞില്ല. തോമസ് ആയില്ലെങ്കിൽ ശശീന്ദ്രനും വേണ്ടെന്ന ചാക്കോയുടെ അടവും നടക്കുന്ന ലക്ഷണമില്ല. ഉള്ള മന്ത്രിയെ ഇല്ലാതാക്കുന്നതിനോട് ശരത് പവാറിനും സംസ്ഥാനത്തെ നേതാക്കൾക്കും താല്പര്യമില്ല. മന്ത്രിയെ മാറ്റാനുള്ള അടവുകൾ പിഴച്ചതോടെയാണ് ഒടുവിൽ സ്വയം ഒഴിയാമെന്ന് ചാക്കോ അറിയിക്കുന്നത്. സ്വന്തം പാർട്ടിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാനായില്ലെങ്കിൽ എന്തിന് സ്ഥാനത്ത് തുടരണമെന്നാണ് ചാക്കോ നേതാക്കളെ അറിയിച്ചത്.
അധ്യക്ഷ സ്ഥാനം വിട്ട് ദേശീയ വർക്കിംഗ് പ്രസിഡന്‍റായി തുടരാമെന്നാണ് നിലപാട്. എതിർചേരിയുടെ പുതിയ ദൗത്യവും പൊളിഞ്ഞതോടെ ശശീന്ദ്രൻ തിരിച്ചടി തുടങ്ങി. മുഖ്യമന്ത്രിയെ ചാരി ചാക്കോയുടെയും തോമസിൻ്റെയും ആഗ്രഹം നടക്കില്ലെന്ന് തന്നെ എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പുതിയ നീക്കം ലക്ഷ്യം കാണാത്തതിൽ തോമസിനെക്കാൾ നഷ്ടം ചാക്കോക്കാണ്. രണ്ട് എംഎൽഎമാരിൽ ഒരാളും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡണ്ടുമാരും ഒപ്പമുണ്ടായിട്ടും ദേശീയനേതൃത്വം പച്ചക്കൊടി കാട്ടിയിട്ടും ശശീന്ദ്രനെ വീഴ്ചാത്താനാകാത്തതാണ് വീഴ്ച.