സിപിഎമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്പിണറായി സർക്കാരിന്റെ നേട്ടം; വി മുരളീധരൻ

കൊച്ചി: രാഷ്ട്രീയ രംഗത്ത് സുതാര്യത വേണമെന്ന് പറയുന്ന സിപിഎമ്മിന്, കള്ളപ്പണത്തിന്റെ കാര്യത്തിൽ മാത്രം സുതാര്യതയില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി കള്ളപ്പണക്കേസിൽ പ്രതിയാകുന്നത്. സിപിഎമ്മിന് ഇതൊരു പൊൻതൂവലാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കെ വി മുരളീധരൻ പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ ഇതുപോലുള്ള പല നേട്ടങ്ങളും കരസ്ഥമാക്കി കൊണ്ടിരിക്കുകയാണ്. കരുവന്നൂരിലെ പാവപ്പെട്ട ജനങ്ങളുടെ പേരിൽ കള്ള വായ്പയെടുത്ത് അത് പാർട്ടി നേതാക്കന്മാരുടെ സ്വത്താക്കി. ഇ ഡിയുടെ അന്വേഷണത്തെ മോദി വേട്ടയാടുന്നു എന്നാണ് പറയുന്നത്. ഇനി ഇവർ കേരളം മുഴുവൻ സായാഹ്ന ധർണ സംഘടിപ്പിക്കും. മോദി വേട്ട എന്ന് പറഞ്ഞു നിലവിളിക്കും മുമ്പ് ചോദ്യങ്ങൾക്ക് ഉത്തരം പറയണം.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടുതവണ തുടർച്ചയായി ഒരു സീറ്റ് മാത്രം കിട്ടുന്ന പാർട്ടിയായി സിപിഎം മാറി. ചട്ടം അനുസരിച്ച് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്നാണ്. എന്നാൽ സിപിഎം സമർപ്പിച്ച രേഖകളനുസരിച്ച് തൃശൂരിലെ വിവിധ ഏരിയ കമ്മിറ്റികളുടേതായി കണക്കുകളിൽ ഉൾപ്പെടാത്ത 25 അക്കൗണ്ടുകൾ ജില്ലയിലെ വിവിധ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമുള്ളതായി ഇഡി കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ കണക്കുകൾ മാർക്‌സിസ്റ്റ് പാർട്ടി നൽകിയിട്ടുള്ള ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. സിൽവർ റെയിൽ എന്നാൽ കമ്മീഷൻ റെയിൽ എന്നാണ്. 1000 കോടി പെൻഷൻ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് ഒരുലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും മുരളീധരൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *