തകർന്ന് തരിപ്പണമായ ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും പ്രതീക്ഷയുടെ മെഴുതിരി വെട്ടമായി രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ചെന്നിത്തല വെള്ളാപ്പള്ളിയെ കൂട്ട് പിടിച്ച് നടത്തുന്ന നീക്കങ്ങൾ യു.ഡി.എഫിൻ്റെ സാധ്യതക്ക് മങ്ങലേൽപിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.
മഹാരാഷ്ട്രയിൽ കോൺഗ്രസ് ഉൾപ്പെടുന്ന മഹാവികാസ് അഘാഡിയെ അധികാരത്തിൽ ഏറ്റും എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് മാധ്യമങ്ങളോടുള്ള ചെന്നിത്തലയുടെ വീമ്പു പറച്ചിൽ. ഫലം വന്നതോടെ പവനായി ശവമായി. മഹാവികാസ് അഘാഡിയുടെ ദയനിയ തോൽവിയോടെ ചെന്നിത്തല വീണ്ടും തലസ്ഥാനത്തെ സ്വവസതിയിൽ അഭയം തേടി.
2021 ൽ ആയിരുന്നു ഇതിന് മുമ്പ് ചെന്നിത്തലയുടെ ദയനീയ പ്രകടനം കണ്ടത്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഫലം വരുന്നതിനെ തലേ ദിവസം ഗംഭീര ഫോട്ടോ ഷൂട്ടിലായിരുന്നു ചെന്നിത്തല. നാളത്തെ മുഖ്യമന്ത്രിയുടെ വിവിധ പോസിലുള്ള ഫോട്ടോകൾ എടുക്കാൻ വിശ്വസ്തരായ മാധ്യമ പ്രവർത്തകർ ചെന്നിത്തലയെ വലയം ചെയ്തിരുന്നു. ചാഞ്ഞും ചരിഞ്ഞും ചെന്നിത്തല ഫോട്ടോക്ക് പോസ് ചെയ്തു. ഫലം വന്നതോടെ ചെന്നിത്തലയും ഫോട്ടോ എടുത്തവരും നിരാശയിലായി.
ദയനീയ തോൽവി നേരിട്ട ചെന്നിത്തല ഒടുക്കം കൻ്റോൺമെൻ്റ് ഹൗസ് വിട്ട് സ്വവസതിയിൽ അഭയം തേടി എന്നത് ചരിത്രം. 2016 ലും 2021 ലും തകർന്ന് തരിപ്പണമായി ആത്മവിശ്വാസം നഷ്ടപ്പെട്ട യു.ഡി.എഫ് – കോൺഗ്രസ് അണികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതായിരുന്നു സുധാകര – സതീശ സഖ്യത്തിൻ്റെ പ്രഥമ പരിഗണന. അതിലവർ വിജയിക്കുകയും ചെയ്തു.
ഒപ്പം തുടർ ഭരണത്തിൻ്റെ അഹന്ത പിണറായിക്കും സംഘത്തിനും പിടി കൂടിയതോടെ കാര്യങ്ങൾ പയ്യെ യു.ഡി.എഫിൻ്റെ കോർട്ടിലായി. നിയമസഭ, തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ച് യു.ഡി. എഫ് മേധാവിത്വം കാട്ടി. ഇടതു കോട്ടയായ ചേലക്കരയിൽ ഭൂരിപക്ഷം മുന്നിലൊന്നായി കുറച്ചു. വെള്ളാപ്പള്ളി പിന്തുണച്ച സരിൻ്റെ തോൽവിയായിരുന്നു ഏറ്റവും ദയനീയം. സരിൻ മിടുക്കനാണെന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ കമൻ്റും.
സന്ദീപ് വാര്യരുടെ വരവ് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം എന്നായിരുന്നു ചെന്നിത്തലയുടെ മുനവച്ചുള്ള മറുപടി. പാലക്കാട് ഷാഫി പറമ്പിൽ നേടിയതിനേക്കാൾ അഞ്ചിരട്ടി ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചപ്പോൾ സരിനൊപ്പം തോറ്റത് വെള്ളാപ്പള്ളി കൂടെ ആയിരുന്നു. അപ്രതീക്ഷിതം ആയിരുന്നില്ല സതീശ സുധാകര സഖ്യത്തിൻ്റെ വിജയം.
ചെന്നിത്തലയെ പോലെ വിടുവ പറയാതെ കൃത്യമായ ഹോം വർക്കിൽ ആണ് ഇരുവരും വിജയം പടുത്തുയർത്തിയത്. ടീം വർക്കായിരുന്നു വിജയത്തിൻ്റെ പ്രധാന കാരണം. ഫുട്ബോൾ കളി പോലെയാണ് രാഷ്ട്രീയവും. ഗോളിയും ബാക്കും മിഡ് ഫീൽഡും ഫോർവേർഡും എല്ലാം ഒരേ മനസോടെ കളിച്ചാൽ വിജയം ഉറപ്പാണ്.
തെരഞ്ഞെടുപ്പുകളിൽ മികച്ച ഫുട്ബോൾ ടീമിനെ പോലെയാണ് യു.ഡി.എഫ് പ്രവർത്തിച്ചത്.തോൽവിയിൽ പാഠം പഠിക്കാതെ വൈദ്യുത ചാർജ് അടക്കം കൂട്ടി ജനദ്രോഹ പരിപാടികളുമായി പിണറായി മുന്നോട്ട് പോയതോടെ യു.ഡി.എഫ് ഭരണത്തിലെത്തും എന്ന് വിമർശകർ പോലും അംഗികരിച്ചു. സിപിഎം കമ്മിറ്റികളിൽ പോലും അസാധാരണമാം വിധം ഭരണത്തിനെതിരെ വിമർശനം ഉയർന്നു. ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി മോഹവുമായി ചെന്നിത്തല ഇറങ്ങി.
മതേതര നിലപാട് എന്നും പുലർത്തുന്ന എൻ എസ് എസ് ചെന്നിത്തലയെ മന്നം ജയന്തിയിൽ ക്ഷണിച്ചു. എല്ലാ വർഷവും എൻ എസ് എസ് ഓരോ നേതാക്കളെ ക്ഷണിക്കും. അത്ര മാത്രം പ്രാധാന്യമേ ചെന്നിത്തലയുടെ ക്ഷണത്തിനും ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ കൗശലം കാണിച്ച് ചെന്നിത്തല ഇത് ഒരു മഹാസംഭവം ആക്കി തീർക്കാൻ രംഗത്തിറങ്ങി. മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ ചെന്നിത്തലയുടെ മുഖം കൂടുതൽ വികൃതമായി. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി ചെന്നിത്തല.
ഒപ്പം കോൺഗ്രസിൻ്റെ ആജന്മ ശത്രുവായ വെള്ളാപ്പള്ളി ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതാണ് നല്ലത് എന്നും അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി പിണറായിക്കൊപ്പവും മകൻ തുഷാർ ബി.ജെ.പിക്ക് ഒപ്പവും നിൽക്കുന്ന രാഷ്ട്രിയ സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ ഇറക്കി പ്രസ്താവന നടത്തിയ ചെന്നിത്തലയുടെ നീക്കം പാളി. ചെന്നിത്തലയുടെ നീക്കങ്ങൾ സസൂഷ്മം നിരീക്ഷിക്കുകയാണ് പിണറായി.
ചെന്നിത്തല ഒരു എതിരാളി അല്ല എന്ന് പിണറായിക്ക് അറിയാം. സതീശനെ ആക്രമിച്ച് ചെന്നിത്തലക്ക് പരമാവധി പ്രോൽസാഹനം നൽകുന്ന നിലപാട് പാർട്ടി പത്രമായ ദേശാഭിമാനിയിൽ അടക്കം ഉണ്ടാകും. യു.ഡി.എഫിൻ്റെ വിജയ കുതിപ്പ് എങ്ങനെയും അവസാനിപ്പിക്കാൻ ചെന്നിത്തലയുടെ നീക്കങ്ങൾക്ക് ശക്തി പകരുന്ന കൗശലം പിണറായിയും സംഘവും പയറ്റും. പൊട്ടി പൊളിഞ്ഞ് പാളി സായ പിണറായി ചെന്നിത്തലയിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്.