തിരുവനന്തപുരം; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നത്. സര്‍ക്കാരിന്റെ ആശാസ്ത്രീയ സീറ്റ് പരിഷ്ക്കരണ നയം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്. കുട്ടികളുടെ വര്‍ധനവിന് അനുസരിച്ച് ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും സീറ്റുകളാണ് വര്‍ധിപ്പിക്കുന്നത്. ഇതിന്റെ ഫലമായി ക്ലാസ് മുറികളില്‍ 65 ലധികം വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ് ഇരുന്ന് പഠിക്കേണ്ട ഗതികേടാണ്.ഇത് കുട്ടികളുടെ പഠന ക്ഷമതയെ ബാധിക്കും. പ്ലസ് ടുവിന് ശേഷമുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള മത്സരപരീക്ഷകളില്‍ നമ്മുടെ കുട്ടികളില്‍ പലരും പരാജയപ്പെടുന്നത് ഹയര്‍ സെക്കണ്ടറി തലത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര തകര്‍ച്ച കൊണ്ടാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി സര്‍ക്കാരാണെന്നും സുധാകരന് പറഞ്ഞു.
പത്താം ക്ലാസില്‍ വിജയ ശതമാനം ഉയര്‍ന്നുയെന്ന് മേനിനടിക്കുന്ന സര്‍ക്കാര്‍ അത്രയും കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. 2010ന് ശേഷം ഏറ്റവും മോശം റിസള്‍ട്ടാണ് ഇത്തവണത്തെ പ്ലസ് ടു ഫലത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 82.95 ശതമാനം വിജയം ഉണ്ടായപ്പോള്‍ ഇത്തവണ അത് 78.69 ശതമാനമായി കുറഞ്ഞു. ഇതിന്റെ കാരണം അടിയന്തരമായി കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അനാവശ്യ വാശിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ലാസ് റൂമിലെ പരമാവധി കുട്ടികളുടെ എണ്ണം 50 ആക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ വര്‍ഷവും 30 ശതമാനത്തിന്റെ സീറ്റ് വര്‍ധനവ് വരുത്തിയപ്പോള്‍ ഓരോ ക്ലാസുകളിലേയും കുട്ടികളുടെ എണ്ണം വര്‍ധിച്ചു. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചു. അതിന്റെ പ്രതിഫലനമാണ് ഇത്തവണത്തെ പ്ലസ് ടു റിസര്‍ട്ടിലുണ്ടായത്.
അണ് എയ്ഡഡ് സ്കൂളുകളുടെ സീറ്റുകളും ചേര്‍ത്താണ് സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ പ്രതിസന്ധിയില്ലെന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പ്ലസ് വണ്‍ പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലാതെ ഏറെ കഷ്ടപ്പെടുന്നത് മലബാര്‍ മേഖലയില്‍ നിന്നുള്ള കുട്ടികളാണ്.
മലപ്പുറം ജില്ലയില്‍ 79730 പേര് എസ് എസ് എല്‍ സി പരീക്ഷ വിജയിച്ചപ്പോള്‍ അലോട്ട്മെന്റിന് പരിഗണിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം 59690 മാത്രമാണ്. അതായത് ആ ജില്ലയില്‍ മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തില്‍ മുപ്പത്തിയൊന്നായിരം കുട്ടികള്‍ ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടി. മലബാറിലെ ആറു ജില്ലകളില്‍ മാത്രമായി 41230 സീറ്റുകളുടെ കുറവ്.സി ബി എസ് ഇ ഫലം കൂടി പുറത്തുവന്നതോടെ സീറ്റ് പ്രതിസന്ധി ഇരട്ടിയാകും. ചുരുങ്ങിയത് 230 അധിക ബാച്ചുകളെങ്കിലും അനുവദിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്ക് പ്ലസ് വണ്‍ പഠനം നിഷേധിക്കുന്ന സ്ഥിതിയുണ്ടാകും.
അതേസമയം പത്തനംതിട്ട, ആലപ്പുഴ,കോട്ടയം ജില്ലകളില്‍ അധിക സീറ്റുകള്‍ ഉള്ളപ്പോള്‍ പാലക്കാട് 7979 സീറ്റുകളുടെയും കോഴിക്കോട് 5321 സീറ്റുകളുടെയും കാസര്‍കോട് 4068 സീറ്റുകളുടെയും കുറവുണ്ട്. ഈ യഥാര്‍ത്ഥ ചിത്രം മറച്ചുവെച്ചാണ് സര്‍ക്കാര്‍ അനാവശ്യ വാദഗതികള്‍ ഉയര്‍ത്തുന്നത്.സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പാവപ്പെട്ടവന്റെ കുട്ടികള്‍ക്ക് ഉയര്‍ന്ന ഫീസ് കൊടുത്തു അണ് എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടി സ്ഥിതിയുണ്ടാകും. ചെലവേറിയ പഠനം സാധ്യമാകാത്ത അവസ്ഥയില്‍ അവരുടെ ഉന്നത പഠനം എന്ന മോഹം ഉപേക്ഷിക്കേണ്ട ഗതികേടാണ്. അതുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന് ആവശ്യപ്പെട്ടു