ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലെ ശ്രേയാംസ്കുമാറിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കി പ്രതിപക്ഷം. പൊലീസിനെതിരെ ശ്രേയാംസ്കുമാറിന് പ്രതികരിക്കേണ്ടി വന്നത് മറ്റ് വഴിയില്ലാതെ വന്നപ്പോഴാണ്. മാധ്യമങ്ങളോട് ജയില്‍ ചൂണ്ടിക്കാട്ടി, കിടക്ക് അകത്ത് എന്ന് പറയുന്നു. പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുന്നുവെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മാധ്യമ വിലക്കാണെന്ന് കെ മുരളീധരന് അഭിപ്രായപ്പട്ടു. മാധ്യമങ്ങള്‍ക്കെതിരായ കേസ് ശരിയല്ല. ശബ്ദിക്കുന്നവരുടെ മുഴുവന്‍ വായടപ്പിക്കുകയാണ്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചൊതുക്കുകയാണ്. കേന്ദ്ര നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മറിച്ചാണെന്നും കെ മുരളീധരന് വിമര്‍ശിച്ചു. സര്‍ക്കാര്‍ നിലപാടിനോട് ഇടത് മുന്നണിയിലെ ഘടകകക്ഷികള്‍ പോലും അസ്വസ്ഥരാണ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ശ്രേയാംസ് കുമാറിന് പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ ബി ടീമാണ് പിണറായി വിജയമെന്നും മുരളീധരന് കുറ്റപ്പെടുത്തി.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്, എകെജി ഭവന്റ ചെലവ് വഹിക്കുന്നത് കേരള ഘടകം ആയതുകൊണ്ടാണോ എന്നും കെ മുരളീധരന് ചോദിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നാണ് പറഞ്ഞത്. ഇപ്പോള്‍ ജയില്‍ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും മുരളീധരന് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.