മാധ്യമങ്ങള്‍ക്കെതിരേ പോലീസില്‍ അമര്‍ഷം:ഏകപക്ഷീയമായി റിപ്പോര്‍ട്ടുചെയ്യുന്നതായിആരോപണം
മലയാള മനോരമയുടെ ചിത്രത്തിനെതിരെയും പ്രതിഷേധം

തിരുവനന്തപുരം: സില്‍വല്‍ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന സംഘര്‍ഷങ്ങളില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പോലീസിനെതിരേ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതായി പരാതി. പോലീസ് അസോസിയേഷനുകളിലും പോലീസ് വാട്‌സാപ് കൂട്ടായ്മകളിലുമാണ് ഇത്തരമൊരു ആക്ഷേപം പങ്കുവയ്ക്കപ്പെടുന്നത്.
ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയും റിപ്പോര്‍ട്ടും പോലീസിനെതിരെ വ്യാജ വാര്‍ത്ത ചമക്കുന്നതിന് തെളിവാണെന്നാണ് പോലീസുകാരുടെ വാദം. കെ റെയില്‍ കല്ലിടലിനെതിരേ വ്യാഴാഴ്ച മുരുക്കുംപുഴയില്‍ നടന്ന പ്രതിഷേധത്തിനിടെ അണ്ടൂര്‍ക്കോണം പഞ്ചായത്തംഗം അര്‍ച്ചനയെ പോലീസുകാര്‍ തള്ളിനീക്കുന്നൂവെന്ന അടിക്കുറിപ്പോടെ മലയാള മനോരമ പ്രസിദ്ധീകരിച്ച ഫോട്ടോ ചൂണ്ടിക്കാട്ടിയാണ് പോലീസ് കൂട്ടായ്മകളില്‍ പരാതി ഉയരുന്നത്. അര്‍ച്ചനയെ പോലീസുകാര്‍ തള്ളുന്നില്ലെന്നും പ്രതിഷേധക്കാരാണ് പോലീസിനിടയിലേക്കു തള്ളിവിടുന്നതെന്നും ചിത്രത്തില്‍ വ്യക്തമാണെന്നും പോലീസ് പറയുന്നു.

കഴക്കൂട്ടം കാരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ മംഗലപുരം സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസറായ ഷബീര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ ബൂട്ടിട്ട് ചവിട്ട സംഭവം വന്‍വിവാദമായിരുന്നു. ചാനലുകളിലൂടെ ആ ദൃശ്യങ്ങള്‍ പുറത്തായതോടെ റൂറല്‍ എസ്.പി. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് വാട്‌സാപ് ഗ്രൂപ്പുകളില്‍ ചര്‍ച്ചകളുണ്ടായത്.
എന്നാല്‍ കഴക്കൂട്ടത്തെ പ്രതിഷേധം അതിരുവിട്ടതോടെയാണ് പോലീസിന് ഇടപെടേണ്ടി വന്നതെന്നും സംഘടിതമായി അക്രമം വരുമ്പോള്‍ നേരിടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന നിലപാടാണ് പോലീസുകാര്‍ പങ്കുവയ്ക്കുന്നത്.
കല്ലിടല്‍ പ്രക്രിയ സുഗമമായി നടത്താനുള്ള വഴിയൊരുക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് പോലീസിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ നടപടിയെടുക്കുമ്പോര്‍ പോലീസിനെതിരേ മാധ്യമങ്ങള്‍ക്കൊപ്പം സര്‍ക്കാരും തിരിയുന്നത് പോലീസുകാര്‍ക്കിടയില്‍ വന്‍ അമര്‍ഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ബൂട്ടിട്ടു ചവിട്ടിയ സംഭവം ഒറ്റപ്പെട്ടതാണെന്നു പോളിറ്റ്ബ്യൂറോ അംഗം
എ. വിജയരാഘവനും പോലീസിനെ പ്രതിഷേധക്കാര്‍ അക്രമിച്ചോയെന്ന് പരിശോധിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ തന്നെ ബൂട്ടിട്ടു ചവിട്ടിയ സിവില്‍പോലീസ് ഓഫീസര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
സര്‍ക്കാരിന്റെ കര്‍ശനനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ചലിക്കുന്ന പോലീസിനെ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ കൈവെടിയുന്ന അവസ്ഥയാണ് നിലവിലെന്ന് പോലീസുകാര്‍ പറയുന്നു. നടപടിയുടെ പേരില്‍ താഴേത്തട്ടിലുള്ള പോലീസുകാരെ ബലിയാടാക്കുന്ന പ്രവണതയ്‌ക്കെതിരേയും പോലീസ് അസോസിയേഷനുള്ളില്‍ അമര്‍ഷമുണ്ട്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് നിലയ്ക്കു നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. അതിനിടെ ഇത്തരം വിവാദങ്ങളില്‍ പോലീസിനെതിരേ നടപടിയെടുക്കുന്നത് തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഇടതുനേതാക്കളുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ബൂട്ടിട്ടു ചവിട്ടിയ സിവില്‍പോലീസ് ഓഫീസര്‍ ഷബീറിനെതിരേ നടപടിയുണ്ടാകാനിടയില്ലെന്നാണ് സൂചന.