ആലപ്പുഴ: ട്രാക്കിൽ കുതിച്ച് പാഞ്ഞുവരുന്ന ട്രെയിൻ, സമീപം ആത്മഹത്യാ ശ്രമത്തിനെത്തിയ 24കാരൻ. ആത്മവിശ്വാസം കൈവിടാതെ സ്വന്തം ജീവൻ പണയം വച്ച് യുവാവിനെ രക്ഷിച്ച് സിവിൽ പൊലീസ് ഓഫീസറായ നിഷാദ്. ബുധനാഴ്‌ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തക്ക സമയത്ത് യുവാവിന് അടുത്തെത്താൻ കഴിഞ്ഞതുകൊണ്ടാണ് യുവാവിനെ രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചത്.
ഫോൺ നമ്പർ ഇട്ടുനൽകി ലൊക്കേഷൻ നോക്കാൻ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്നും നിഷാദിന് നിർദ്ദേശം വന്നു. അഞ്ച് കിലോമീറ്റർ അകലെ റെയിൽവെ ട്രാക്കിന് സമീപമാണ് യുവാവ് ഉള്ളതെന്ന് മനസിലായി. എന്നാൽ വീണ്ടും പരിശോധിക്കുമ്പോഴും ലൊക്കേഷൻ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ യുവാവിന് എന്തെങ്കിലും സംഭവിച്ച ശേഷം ഫോൺ വീണുകിടക്കുകയാകും എന്ന് നിഷാദിന് തോന്നി. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാനായി കാത്ത് നിൽക്കുകയാകും എന്ന് തോന്നി.റെയിൽവെ ട്രാക്കിൽ ഗേറ്റ് കീപ്പറോട് ആദ്യം വിവരം പറഞ്ഞു.
ട്രെയിൻ ബ്ളോക്ക് ചെയ്യാനാകുമോ എന്ന് ചോദിച്ചെങ്കിലും ട്രെയിൻ പുറപ്പെട്ട് കഴിഞ്ഞതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസിലായി. ഇതോടെ ബൈക്കെടുത്ത് സ്ഥലത്തെത്തി.മൊബൈൽ ഫോൺ ട്രാക്കിനടുത്ത് കാണിക്കുന്നെന്ന് പറഞ്ഞതോടെ ഒരു പയ്യൻ ട്രാക്കിനടുത്ത് നിൽക്കുന്നുണ്ടെന്ന് ഗേറ്റ് കീപ്പർ പറഞ്ഞു. ഇതോടെ ഓടി യുവാവിന്റെ സമീപമെത്തി. അപ്പോഴേക്കും ട്രെയിനും എത്തിയിരുന്നു. തുടർന്ന് സ്വജീവൻ പണയം വെച്ചാണ് യുവാവിനെ നിഷാദ് രക്ഷിച്ചത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന സന്ദേശം കുറിച്ച് സംഭവത്തിന്റെ വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്