കൊല്ലം: പരവൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒയെ തമിഴ്‌നാട് ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മങ്ങാട് അറനൂറ്റിമംഗലം പണയില്‍ വീട്ടില്‍ ആദര്‍ശാണ്(39) മരിച്ചത്. ഇതേ മുറിയില്‍ കൈഞരമ്പ് മുറിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദര്‍ശ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയും വിവാഹിതയാണ്. തിങ്കളാഴ്ചയാണ് ഊട്ടി എ.ടി.സി. റോഡിലെ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തില്‍ ഇരുവരും കൈ മുറിച്ചു. അതിന് ശേഷം ആദര്‍ശ് യുവതിയെ മുറിക്കു പുറത്താക്കി വാതിലടച്ചു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരെത്തി മുറി തുറക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. യുവതിയുടെ നില ഗുരുതരമല്ല. ഊട്ടി ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അനേ്വഷണം നടത്തിവരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.