ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണം; കര്‍ശ നിര്‍ദ്ദേശവുമായി ഡിജിപി

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഇത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ശനമായ നിയമനടപടി മേലുദ്യോഗസ്ഥർ സ്വീകരിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നല്‍കണമെന്നും പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഡിവൈഎസ്പിയും സംഘവും ഗുണ്ടയുടെ വീട്ടില്‍ വിരുന്ന് സത്കാരത്തിന് എത്തിയതടക്കം പോലീസിനെ നാണംകെടുത്തുന്ന തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഡിജിപിയുടെ കർശന നിർദ്ദേശം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം. മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിന് നടപടിവേണം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നത് തടയാനായി ജില്ലാ പോലീസ് മേധാവിമാര്‍ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.

എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എം.ആര്‍. അജിത് കുമാര്‍, എച്ച്. വെങ്കടേഷ് എന്നിവരും ഐ.ജിമാര്‍, ഡി.ഐ.ജി മാര്‍, എസ് പി മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍, എ.ഐ.ജിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, പോക്‌സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചര്‍ച്ച ചെയ്തു. അടുത്ത മാസം നിലവില്‍ വരുന്ന പുതിയ നിയമസംഹിതകളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെ 38,000 ല്‍ പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *