തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പന്ത്രണ്ടായിരത്തിലധികം രൂപയാകും പുത്തലത്ത് ദിനേഷന് പ്രതിമാസ പെന്‍ഷനായി ലഭിക്കുക. ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പത്തുലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തോളമാണ് ദിനേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. പേഴ്‌സണല്‍ സ്റ്റാഫിനുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിനേശന്‍ നല്‍കിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്.
2016 ജൂണ്‍ ഒന്നുമുതല്‍ 2022 ഏപ്രില്‍ 19 വരെയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഒന്നേകാല്‍ ലക്ഷത്തിലധികം രൂപയായിരുന്നു ശമ്പളം. നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശന്‍.