കോഴിക്കോട് ∙ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ. ‘ബിജെപിയില്‍ കുറുവാസംഘം’ എന്നാരോപിച്ചാണ് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്ററുകള്‍. ബിജെപി നേതാക്കളായ കെ.സുരേന്ദ്രൻ, വി.മുരളീധരന്‍, പി.രഘുനാഥ് എന്നിവര്‍ക്കെതിരെയാണു പോസ്റ്ററുകള്‍.
വി.മുരളീധരൻ, കെ.സുരേന്ദ്രൻ, പി.രഘുനാഥ് എന്നിവർ ബിജെപിയിലെ കുറവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. എഴുതി തയാറാക്കിയ പോസ്റ്ററുകള്‍ കഴിഞ്ഞ രാത്രിയാണ് ഒട്ടിച്ചതെന്നാണു വിവരം. കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം. അധ്യക്ഷ സ്ഥാനം ഒഴിയണോ എന്ന കാര്യം പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് തീരുമാനിക്കുന്നതെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം പ്രസിഡന്റിനു തന്നെയാണ്. തന്റെ പ്രവർത്തനം ഓഡിറ്റ് ചെയ്യപ്പടണം. താൻ നിൽക്കണോ പോകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.