വയനാടിന്റെ നായികയാവാൻ പ്രിയങ്ക ഗാന്ധി എത്തുന്നു

തിരുവനന്തപുരം; രാഹുല്‍ ഗാന്ധി എംപി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് വയനാടിനെ ഏറ്റെടുക്കാന്‍ പ്രിയങ്ക ഗാന്ധി എത്തുന്നു. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് വയനാടില്‍ ഉപതിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ എ.ഐ.സി നേതൃത്വം തയ്യാറാകുന്നു.
രാഹുല്‍ വയനാടിനെ കൈവിട്ടാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന് ഏറെ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നത്.
രാഹുല്‍ യനാടുകാരെ പറ്റിച്ചെന്ന് ഇപ്പോള്‍ തന്നെ കെ സുരേന്ദ്രനെപ്പോലുള്ള ബിജെപി നേതാക്കള്‍ ആരോപിച്ച് കഴിഞ്ഞു. ഇതിനെ മറികടക്കാന്‍ പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. യുപിയിലെ അമേഠിയിലും വയനാടിലുമാണ് 2019ല്‍ രാഹുല്‍ മത്സരിച്ചത്. ഇതില്‍ അമേഠിയില്‍ രാഹുലിന് തോല്‍വി പിണഞ്ഞു. ഇത്തവണയും അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഇതോടെ റായ്ബറേലിയില്‍ രാഹുലിന് നാമനിര്‍ദ്ദേശ പത്രിക നല്‍കുകയായിരുന്നു.


അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട്ടിലേക്ക് എത്തുന്നു. ജൂലൈ രണ്ടാം വാരം ഇരുവരും വയനാട് സന്ദര്‍ശിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദര്‍ശനമായിരിക്കുമിത്. പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക.അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്‌സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.


ഇതിനിടെ, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും അമിത് മാളവ്യ ആരോപിച്ചു. യുപിയില്‍ ബിജെപി നേരിടുകയായിരുന്നു പ്രിയങ്ക ചെയ്യേണ്ടിയിരുന്നതെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.
അതേസമയം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിവരം. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ബിജെപിക്ക് സ്ത്രീകളുടെ ഇടയില്‍ പിന്തുണ കൂടുന്നതും കോണ്‍ഗ്രസ് വിലയിരുത്തി. പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *