വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം! ഡൽഹി പോലീസിന് നേരെ കടുത്ത നിലപാടുമായി എ.എ. റഹീം

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കെ, പ്രതിഷേധക്കാരെ ഡൽഹി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എകെജി ഭവനിൽ നിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ അപ്രതീക്ഷിതമായി നടത്തിയ മാർച്ച് പോലീസ് തടയുകയായിരുന്നു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ച് തടഞ്ഞ പോലീസ്, പ്രവർത്തകരെ ആറ് ബസുകളിലായി കസ്റ്റഡിയിലെടുത്തു മാറ്റി.

കസ്റ്റഡിയിലെടുത്ത ശേഷം നങ്‌ലോയ് സ്റ്റേഡിയത്തിൽ എത്തിച്ച പ്രവർത്തകർ അവിടെ നിരാഹാര സമരം ആരംഭിച്ചു. കസ്റ്റഡിയിലുള്ള എസ്.എഫ്.ഐ പ്രവർത്തകരും ഈ സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം കാട്ടിയ ഇൻസ്പെക്ടർ പവൻ തോമർ മാപ്പ് പറയണമെന്നും അയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. കൂടാതെ, പോലീസ് അന്യായമായി പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ബാഗുകളും ഉടൻ തിരികെ നൽകണം. വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതുവരെ നിരാഹാര സമരം തുടർന്ന് മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.