തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരന് കേരളത്തിന്റെ ആരാച്ചാര്‍ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്രനടപടിയില്‍ എല്ലാവരും ദുഃഖിക്കുമ്പോള്‍ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന് വേണ്ടി പ്രശ്നത്തില്‍ ഇടപെടേണ്ടിയിരുന്നയാളായിരുന്നു വി മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പതിനഞ്ചാം ധനകാര്യ കമ്മിഷന് ശുപാര്‍ശ പ്രകാരമുള്ള കടമെടുപ്പ് പരിധിയിലുള്ള 55,182 കോടിയില്‍ 34,661 കോടി രൂപയും കേരളം എടുത്തെന്ന് വി മുരളീധരന് ഇന്നലെ പറഞ്ഞിരുന്നു. ശേഷിക്കുന്ന 20,521 കോടിരൂപയില്‍ ആദ്യ മൂന്ന് പാദങ്ങളുടേതായ 15,390 കോടി രൂപ അനുവദിച്ചു. ബാക്കിയുള്ള 5,131 കോടി 2024 ജനുവരിയില്‍ അനുവദിക്കും.
അതിനെ വെട്ടികുറയ്ക്കലായി ധനമന്ത്രി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം. പിന്നാലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന് പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സംസ്ഥാനത്തിന് ഒരു വര്‍ഷം 1.75 ലക്ഷം കോടിയാണ് ആകെ ചെലവ് വരുന്നത്. ഇതില്‍ മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഇതില്‍ രണ്ടായിരം കോടി രൂപ കടമെടുക്കാന്‍ ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 15,390 കോടി കടമെടുക്കാന്‍ അനുമതി നല്കി. നിലവിലെ ചട്ടപ്രകാരം 32,442 കോടി രൂപ വായ്പയെടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍ വായ്പ പരിധി ചുരുക്കിയതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് മറുപടിയില്ല. ഇത് ബി ജെ പിയുടെ ആഭ്യന്തര വിഷയമാണോ എന്ന് മന്ത്രി ചോദിച്ചു. പാര്‍ട്ടി ഓഫീസിലിരുന്ന് എഴുതിയ കണക്കായിരിക്കും മുരളീധരന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.