മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ക്രമേക്കേട് നടന്നുവെന്ന് വീണ്ടും ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി. ആകെ വോട്ടര്‍മാരുടെ എണ്ണം 9.5 കോടിയാണെന്നിരിക്കേ 9.7 കോടി പേര്‍ വോട്ട് ചെയ്തെന്നാണ് കണക്കെന്ന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തില്‍ 32 ലക്ഷം പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേർത്തെനാണ് കമ്മീഷന്‍ പറയുന്നത്.
വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖം തിരിച്ചിരിക്കുകയാണെന്നും കമ്മീഷന് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 2024ലെ മഹാരാഷ്ട്രയിലെ പ്രായപൂർത്തിയായവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ക്രമക്കേടിനുള്ള ഉദാഹരണമായി കാമാത്തി നിയമസഭ മണ്ഡലം. ഇവിടെ പുതിയ വോട്ടർമാരുടെ എണ്ണമാണ് ഭൂരിപക്ഷം. തങ്ങളുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
‘ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7,000 വോട്ടർമാരെ പുതിയതായി ചേർത്തെന്ന് രാഹുൽ ഗാന്ധി അടുത്തിടെ ആരോപിച്ചിരുന്നു. ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ് വോട്ടർമാരെയെല്ലാം ചേർത്തതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നാണ് രാഹുലിന്‍റെ ആവശ്യം.