ബി.ജെ.പിയുടെ നിരവധി പരാധീനതകള്‍ വെളിച്ചത്തു വരുന്നുണ്ടെന്നും രാഹുല്‍ യു.എസിലെ ഇന്ത്യന്‍ വംശജരോടു പറഞ്ഞു. സര്‍വകലാശാല ഓഫ് കാലിഫോര്‍ണിയയുടെ സിലിക്കണ്‍ വാലി കാമ്പസില്‍ നടന്ന സംവാദത്തില്‍ സദസില്‍നിന്നുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറിവുള്ളതായി നടിക്കുന്നവരില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കും.
ഇതു കേള്‍ക്കുമ്പോള്‍ ദൈവം പോലും, താന്‍ എന്താണു സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തും. ചിലര്‍ ശാസ്ത്രജ്ഞര്‍, സൈനികര്‍, ചരിത്രകാരന്‍മാര്‍ തുടങ്ങി എല്ലാവരേയും ഉപദേശിക്കും. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരന്‍ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണു മോദിക്കു വേണ്ടത്’രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പ്പിച്ചു. എന്നാല്‍, ഞങ്ങള്‍ അവിടെ സ്വീകരിച്ച തന്ത്രമാണ് അധികംപേര്‍ തിരിച്ചറിയാത്തത്. തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. അതു രൂപപ്പെട്ടു വന്നത് ഭാരത് ജോഡോ യാത്രയില്‍നിന്നും. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ പത്തിരട്ടി പണം ബി.ജെ.പി. ചെലവഴിച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ രാജ്യത്തിന് ഒരു ബദല്‍ കാഴ്ചപ്പാട് വേണം.
പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പതിയെ അതു യാഥാര്‍ഥ്യമാവുകയുമാണ്. എന്നാല്‍, ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ഐക്യം മാത്രം പോര; ബി.ജെ.പിക്കു ബദലായ കാഴ്ചപ്പാടു കൂടി മുന്നോട്ടുവയ്ക്കണം. രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ദര്‍ശനം. അത്തരമൊരു കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിന്റെ ആദ്യചുവടായിരുന്നു ഭാരത് ജോഡോ യാത്ര. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അതിനൊപ്പം ചേര്‍ന്നു.”-രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദേശത്തായിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.രാഹുല്‍ വിദേശത്തുപോകുമ്പോള്‍ ജിന്നയുടെ ആത്മാവോ അല്ലെങ്കില്‍ അല്‍ ഖായിദ പോലുള്ള ആളുകളുടെ ചിന്താഗതിയോ അദ്ദേഹത്തില്‍ പ്രവേശിക്കും. ഇന്ത്യയില്‍ തിരിച്ചെത്തി മികച്ച ബാധയൊഴിപ്പിക്കലുകാരനില്‍നിന്ന് അവയെ ഒഴിപ്പിച്ചുവിടണമെന്ന് നിര്‍ദേശിക്കുന്നു.
ഇന്ത്യയെ നാണംകെടുത്താനുള്ള കരാറാണ് രാഹുല്‍ എടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് മുസ്‌ലിംകളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചു എന്നായിരുന്നു ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം. പ്രധാനമന്ത്രിക്ക് വിദേശത്തുനിന്നു ലഭിക്കുന്ന സ്വീകാര്യതയും അഭിനന്ദനവും രാഹുലിന് ദഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ആറു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യു.എസില്‍ എത്തിയത്.