രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തം; മൊഴിയെടുപ്പ് തുടരുന്നു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ മൊഴിയെടുപ്പ് തുടര്‍ന്ന് ക്രൈം ബ്രാഞ്ച്. പരാതി നല്‍കിയ മുഴുവന്‍ പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണത്തില്‍ നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ല.

പരാതിക്കാരെ സമീപിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടിയിലേക്ക് കടക്കാനാണ് നീക്കം. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കേസെടുക്കണമെന്ന് പരാതി നല്‍കിയ ഹൈക്കോടതി അഭിഭാഷകന്‍ ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. യുവതികളുമായി അടുപ്പമുള്ള മൂന്ന് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.

ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതില്‍ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.