പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്നും അതുകൊണ്ടാണ് സതീശന്‍ തന്നോട് പ്രകോപനപരമായി സംസാരിക്കാന്‍ തുനിഞ്ഞതെന്നും അന്‍വര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സതീശന്റെയത്ര ബുദ്ധിയില്ലെങ്കിലും അത്ര പൊട്ടനല്ല താന്‍. പാലക്കാട് ഉണ്ടാകാന്‍ പോകുന്ന തോല്‍വിയുടെ ഉത്തരവാദിത്വം തന്റെ തലയിലേക്ക് ഇടാനാണ് ശ്രമമെന്നും സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും എന്ന് ഉറപ്പായപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ ജില്ലാ നേതൃത്വം കണ്ടുവച്ചിരുന്നു. സരിനോട് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡിസിസി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമല്ലെന്നും അന്‍വര്‍ ആരോപിച്ചു.പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നിര്‍ദേശിച്ചത് സരിനെയായിരുന്നു. ഷാഫി പോയ ഉടന്‍ സരിനോട് സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മാറ്റമുണ്ടായത് പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.
അതിന്റെ പ്രശ്നങ്ങള്‍ പാലക്കാട് കോണ്‍ഗ്രസിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ല എന്നാണ് അവര്‍ നടത്തിയ പരിശോധനയില്‍ മനസ്സിലായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് സരിന്റെ ഉദ്ദേശം. പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് ബിജെപിയുടെ ജയം ഉറപ്പിക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു.അതേസമയം, പാലക്കാട് മണ്ഡലത്തിലെ പ്രചാരണം സംബന്ധിച്ച് കെപിസിസി നേതൃത്വം ഷാഫി പറമ്പിലിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. സ്വന്തം നിലയ്ക്കുള്ള പ്രചാരണവുമായി മുന്നോട്ട് പോകേണ്ടെന്നും ഡിസിസി നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് ഷാഫിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തന്നെ നല്ലൊരു വിഭാഗം ജില്ലാ നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. അതിനിടെ പ്രചാരണത്തിലും സ്വ്ന്തം നിലയില്‍ മുന്നോട്ട് പോകുന്ന രീതി നേതൃത്വത്തിന് ഇഷ്ടക്കേടുണ്ടാക്കിയിട്ടുണ്ട്.ഇത് തിരിച്ചറിഞ്ഞാണ് കെപിസിസി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കിയത്.കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഇടത് ക്യാമ്പ് യുഡിഎഫ് പാളയത്തിലെ പ്രശ്‌നങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ പോന്ന തന്ത്രങ്ങള്‍ മെനയുകയാണ്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും പ്രചാരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും പി സരിന് സിപിഎം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ ഇനിയും അസംതൃപ്തരുണ്ടെന്നും ഇവര്‍ പുറത്തേക്കുവരുമെന്നും സിപിഎം വിലയിരുത്തുന്നു.