തിരുവനന്തപുരത്തെ കൈവിടാതെ രാജീവ് ചന്ദ്രശേഖർ വീണ്ടും സജീവമാകുന്നു. ഇതിന് മുന്നോടിയായി തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററിന്റെ രൂപീകരണത്തിന് അദ്ദേഹം കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിൽ യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതിനായി നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം ഗവേഷണത്തിനും നവീകരണത്തിനും മികച്ച സൗകര്യമുള്ള കേന്ദ്രമായി മാറണം. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വീക്ഷണം. അത് നടപ്പാക്കുക എന്നതാണ് എന്നിൽ അർപ്പിതമായിരിക്കുന്ന ചുമതല. ഇതിന്റെ ഭാഗമായി ഞാൻ ഇന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററിന്റെ (T-RIC) രൂപീകരണം സംബന്ധിച്ച് മന്ത്രിയുമായും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുമായും ചർച്ച നടത്തി. സാങ്കേതിക-അനുബന്ധ ഗവേഷണങ്ങളിലും നവീന ആശയങ്ങൾ വികസിപ്പിക്കുന്ന കാര്യങ്ങളിലും തൊഴിൽ നൈപുണ്യം നേടാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ ഒരു മുതൽക്കൂട്ടായിരിക്കും.
രാജീവ് ചന്ദ്രശേഖർ കുറിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് 18 വർഷത്തെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് രാജീവ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ട്വീറ്റ് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് തന്റെ സംഘത്തിലെ ജൂനിയർ ഇന്റേൺ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പിന്നീടത് പിൻവലിച്ചു. ബി.ജെ.പി പ്രവർത്തകനെന്ന നിലയിൽ തിരുവനന്തപുരത്തെയും പാർട്ടിയെയും മുന്നോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളും പ്രതിബദ്ധതയും മുൻപത്തെ പോലെ തുടരും. എം.പിയായുള്ള 18 വർഷത്തെ കാലയളവും, കേന്ദ്രമന്ത്രിയായുള്ള മൂന്നുവർഷവും അവസാനിക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി.