തിരുവനന്തപുരം: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം അഴിമതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ടീകോം ആണ് നഷ്ടപരിഹാരം നൽകേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടീകോം വാഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ്. ടീ കോം എംഡി ബാജു ജോർജിനെയും നഷ്ടപരിഹാരം നൽകാനുള്ള കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഏറ്റെടുക്കുന്ന 246 ഏക്കർ ഭൂമി ആർക്ക് കൈമാറുമെന്നത് അന്വേഷിക്കണമന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പത്ത് വർഷക്കാലം നാട്ടിലെ ചെറുപ്പക്കാരെ വഞ്ചിച്ച ടീകോമിനെതിരെ നടപടി എടുക്കുന്നതിന് പകരം അവർക്ക് അങ്ങോട്ട് ഖജനാവിൽ നിന്ന് പണം കൊടുക്കുന്ന നടപടി ആർക്ക് അംഗീകരിക്കാൻ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 246 ഏക്കർ സ്ഥലം തിരിച്ചെടുത്തിട്ട് സർക്കാർ എന്തു ചെയ്യാൻ പോകുന്നു എന്ന് ചോദിച്ച ചെന്നിത്തല ഇത്തരം കാര്യങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇവരിൽ നിന്നും പണം ഇങ്ങോട്ട് വാങ്ങുന്നതിന് പകരം അങ്ങോട്ട് പണം കൊടുക്കുന്നത് വൻ അഴിമതിക്ക് വഴി തെളിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ മന്ത്രിസഭ തീരുമാനം റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. 246 ഏക്കർ ഭൂമി സ്വന്തക്കാർക്ക് നൽകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതിയിൽ നിന്നും പിൻമാറാനുള്ള കാരണം സർക്കാർ വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.