കൊച്ചി : ഓടുന്ന കാറിൽ പട്ടാപ്പകൽ മലയാളം സിനിമാ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാർ ഹർജിയിൽ ആരോപിച്ചത്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയെ സർക്കാർ സമീപിച്ചത്. 2022 ആയിരുന്നു പ്രോസിക്യൂഷൻ കോടതിയെ സമർപ്പിച്ചത്. ഈ കാലയളവിൽ സാക്ഷി വിസ്താരം പൂർത്തിയായതിനാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ നിന്നും പ്രോസിക്യൂഷൻ പിന്നോട്ട് പോയിരുന്നു.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കൈവശമിരിക്കെ ചോർന്ന കേസിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ എതിർപ്പ് തള്ളിയായിരുന്നു അന്ന് നടിക്ക് അനുകൂലമായി കോടതി നടപടി.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പ്രിൻസിപ്പൽ സെഷൻസ് ഹണി എം വർഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാണ് അതിജീവിതയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയതിന് പിറകെയാണ് ഈ കേസിൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപഹർജിയിലെ വാദം. എന്നാൽ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്നും പകർപ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം ജസ്റ്റിസ് കെ ബാബു തള്ളി. 2018 ജനുവരി ഒന്പത് രാത്രി 9.58, 2018 ഡിസംബര് 13 ന് രാത്രി 10.58 എന്നീ സമയങ്ങളിലാണ് മെമ്മറി കാർഡിൽ പരിശോധന നടന്നത്. ഇത് അനധികൃതമെന്നാണ് അതിജീവിതയുടെ ഹർജിയിലുണ്ടായിരുന്നത്.