ക്ഷേത്രങ്ങളിലെ 500 കിലോ സ്വര്‍ണം ബാങ്കിലേക്ക് മാറ്റാന്‍ ദേവസ്വം ബോര്‍ഡ്; പ്രതീക്ഷിക്കുന്നത് 7.30 കോടിയോളം രൂപ

ക്ഷേത്രങ്ങളില്‍ നിത്യപൂജയ്‌ക്കോ ഉത്സവങ്ങള്‍ക്കോ ഉപയോഗിക്കാത്ത 500 കിലോഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ ബാങ്കിലേക്ക് മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടര ശതമാനം പലിശ കിട്ടുന്ന റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്‌കീം നടപ്പാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. എസ്ബിഐ വഴിയുള്ള നിക്ഷേപപദ്ധതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 14ന് അന്തിമ രൂപംനല്‍കും. ബോര്‍ഡിന്റെ 1252 ക്ഷേത്രങ്ങളില്‍ കാലങ്ങളായി ഉപയോഗിക്കാതെ നശിക്കുന്ന വിളക്കുകള്‍, വിവിധതരം പാത്രങ്ങള്‍ എന്നിവ ലേലംചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ 540 കിലോഗ്രാം സ്വര്‍ണം 16 സ്ട്രോങ് റൂമുകളിലായി ഉപയോഗിക്കാതെ കിടക്കുന്നതായി ഒരുവര്‍ഷം മുമ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഭക്തര്‍ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങള്‍, പൊട്ടുകള്‍, വേല്‍, വാള്‍ തുടങ്ങിയവയാണിത്. ഇതൊന്നും ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല. 540 കിലോയില്‍ 40 കിലോ സ്വര്‍ണം മാറ്റിവെക്കും. വെള്ളി ആഭരണങ്ങളുടെ കണക്കെടുത്തിട്ടില്ല. വെള്ളിയുടെ വിപണിവില കണക്കാക്കി സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ചേര്‍ക്കും.
ലേലത്തിന് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പ്രമുഖപത്രങ്ങളില്‍ പരസ്യം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. കൊച്ചി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ ഇത്തരം നിക്ഷേപപദ്ധതി നടപ്പാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *