പൊതുമരാമത്ത് വകുപ്പിന്റെ 13 റസ്റ്റ് ഹൗസ് നവീകരണം: 23 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ 13 റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കുന്നതിനും പുതിയ ബ്ലോക്കുകൾ നിർമ്മിക്കുന്നതിനുമായി 23 കോടി രൂപയ്ക്ക് ഭരണാനുമതിയായി. പീപ്പിൾസ് റെസ്റ്റ് ഹൗസ് എന്ന പേരിൽ സംസ്ഥാനത്തുടനീളം റസ്റ്റ് ഹൗസുകൾ നവീകരിച്ച് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയത് ഏറെ ജനകീയമായി മാറിയ പശ്ചാത്തലത്തിലാണ് കൂടുതൽ റെസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പൊന്മുടി രണ്ടാം ഘട്ടം 5 കോടി, പാറശ്ശാല 3 കോടി, മൂന്നാർ അനക്സ് മൂന്നു കോടി, വെഞ്ഞാറമൂട് രണ്ടാം ഘട്ടം 2.2 കോടി, കുട്ടിക്കാനം ഐ.ബി 1.8 കോടി, ഞാറയ്ക്കൽ 1.5 കോടി, കാഞ്ഞങ്ങാട് 1.5 കോടി, കാട്ടാക്കട 1.4 കോടി, താമരശ്ശേരി ഒരു കോടി, കൊട്ടാരക്കര രണ്ടാം ഘട്ടം 74 ലക്ഷം, തേക്കടി ഐബി 60 ലക്ഷം, കുന്നമംഗലം 52 ലക്ഷം, പൊഴിക്കര പാലസ് കെട്ടിടം 35 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. തിരുവനന്തപുരം പബ്ലിക് ഓഫീസ് ഇലക്ട്രിക്കൽ വർക്കിന് 2.5 കോടിയും കുമളി പിഡബ്ള്യുഡി സ്റ്റാഫ് ക്വാർട്ടേഴ്സിന് 2.1 കോടിയും കോഴിക്കോട് റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡിസൈൻ ഓഫീസിന് 1.96 കോടിയും കണ്ണൂർ പി.ഡബ്ല്യു.ഡി കോംപ്ലക്സ് രണ്ടാം ഘട്ടത്തിലെ രണ്ടാം ബ്ലോക്കിന് 1.76 കോടിയും പീരുമേട് തോട്ടപ്പുര പിഡബ്ല്യുഡി സ്റ്റാഫ് ക്വാർട്ടേഴ്സിന് 32 ലക്ഷവും അനുവദിച്ചു.