ശബരിമല സ്വർണ്ണക്കൊള്ള! പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതം: പി എസ് പ്രശന്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ഭരണസമിതിയെയുംപ്രതി ചേർത്ത് എസ്ഐടി. ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് പ്രശാന്തിനെയും ഭരണസമിതിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. 2019 ലെ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025ലേതെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ളയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസുകളാണ് ഇപ്പോഴുള്ളത്. മൂന്നാമത് ഒരു കേസ് രജിസ്റ്റർ ചെയ്യാനാണ് എസ്ഐടി തീരുമാനം. പി എസ് പ്രശാന്തിന് പുറമെ സ്മാർട്സ് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ റജിലാൽ എന്നിവരും പ്രതികളാണ്.

സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും ഭരണസമിതിയുമാണിത്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപ്പട്ടിക വിപുലപ്പെടുത്തുമെന്ന് എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ 2025ൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.