സതീഷ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ്; പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അതിരപ്പിള്ളിയില്‍ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാട്ടാനയുടെ ചവിട്ടില്‍ സതീഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകള്‍ തുളച്ചു കയറിയതിനാല്‍ രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ശ്വാസകോശത്തിലും ശരീരഭാഗത്തും രക്തം കട്ടപിടിച്ചു. താലൂക്ക് ആശുപത്രിയില്‍ സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

സതീഷിനൊപ്പം മരണപ്പെട്ട വാഴച്ചാല്‍ ശാസ്താംപൂവം ഉന്നതിയിലെ അംബികയുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കുകയാണ്. ഈ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കും. അംബികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ബെന്നി ബെഹനാന്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. എം പിക്കെതിരെയും ബന്ധുക്കള്‍ രംഗത്തെത്തി. മുന്‍പ് കാട്ടാനയാക്രമണം ഉണ്ടായപ്പോള്‍ ഇടപെടാത്ത എംപി ഇപ്പോള്‍ മൃതദേഹം കൊണ്ടുപോകുന്നത് തടയുന്നത് എന്തിനാണെന്നും ബന്ധുക്കള്‍ ചോദിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റി മൃതദേഹവുമായി എത്തിയ ആംബുലന്‍സിന് വഴി നല്‍കിയത്.

ഇന്നലെ രാത്രിയാണ് സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവര്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. സംഘം താല്‍ക്കാലികമായി കുടിലൊരുക്കിയത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിലെ പാറപ്പുറത്തായിരുന്നു. വന്യജീവികള്‍ വരാതിരിക്കുന്നതിന് കുടിലിനു മുന്നില്‍ വിറകു കൂട്ടിയിട്ട് തീയിട്ടു. പക്ഷേ കനത്ത മഴയില്‍ തീ കെട്ടതോടെ കാട്ടാനക്കൂട്ടം ഇവരുടെ കുടിലിനരികില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു. ആനയെ കണ്ടതോടെ നാലുപേരും നാലു ദിക്കിലെ കൂടി. ഇതിനിടയില്‍ സതീഷിനെ ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിയുകയായിരുന്നു .

രക്ഷപ്പെട്ട് ചാലക്കുടിപ്പുഴ നീന്തിക്കിടന്ന രമയും ഒപ്പമുണ്ടായിരുന്ന രവിയും രാത്രി മുഴുവന്‍ കാട്ടില്‍ കഴിഞ്ഞുകൂടി. രാവിലെ തിരികെയെത്തിയപ്പോഴാണ് പാറപ്പുറത്ത് മരിച്ചു കിടക്കുന്ന സതീശനെ കണ്ടത്. ചാലക്കുടിപ്പുഴയോട് ചേര്‍ന്ന് അംബികയുടെ മൃതദേഹവും കണ്ടെത്തി. കാട്ടാന ആക്രമണങ്ങളില്‍ കാട്ടാന്‍ ആക്രമണങ്ങളില്‍ മൂന്നുപേരുടെ ജീവന്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് അതിരപ്പിള്ളിക്കാര്‍.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ച അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം. അതിരപ്പിള്ളി മേഖലയില്‍ ആര്‍ ആര്‍ ടി സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *