ഷോണ്‍ ജോര്‍ജിന് തിരിച്ചടി; സിഎംആര്എല്ലിനെതിരെയുള്ള ആരോപണങ്ങള്‍ നീക്കണമെന്ന് കോടതി

കൊച്ചി: സിഎംആര്‍എല്ലിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുന്‍സിഫ് കോടതി. ഇതുസംബന്ധിച്ച് ഷോണ്‍ ജോര്‍ജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു.
സിഎംആര്‍എല്ലിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് അഡീഷണല്‍ സബ്ജഡ്ജി രേഷ്മ ശശിധരന്റെ ഉത്തരവ്. സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളാണ് ഷോണ്‍ ജോര്‍ജ് നടത്തുന്നതെന്നും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വിലക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
ഇനി ഇത്തരം പരാമര്‍ശങ്ങള്‍ ഉന്നയിക്കരുതെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇവ നീക്കം ചെയ്യണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. അതേസമയം നിലവില്‍ തനിക്ക് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. തനിക്ക് ലഭിച്ച വക്കീല്‍ നോട്ടീസില്‍ മറുപടി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.