ബംഗളൂരു: ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ ഏഴ് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു
രണ്ടാം ഭാഷാ പരീക്ഷയ്ക്ക് 8,68,206 വിദ്യാര്‍ത്ഥികളില്‍ 22,063 പേര് ബുധനാഴ്ച ഹാജരായില്ല. തിങ്കളാഴ്ച നടന്ന ഒന്നാം ഭാഷാ പരീക്ഷയില്‍ ഹാജരാകാത്തവരുടെ എണ്ണം 20,994 ആയിരുന്നു. ദി ഇന്ത്യന്‍ എക്സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഏഴ് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതെന്ന് ഗദഗ് ജില്ലയിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിഎം ബസവലിംഗപ്പ പറഞ്ഞു. “സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാണ് ഇന്‍വിജിലേറ്റര്‍മാര്‍ ശിരോവസ്ത്രം അനുവദിച്ചത്. ചില ടിവി ചാനലുകള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉത്തരവ് ലംഘിച്ചതിന് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു,” അദ്ദേഹം പറഞ്ഞു.
കലബുറഗി ജില്ലയിലെ ജെവര്‍ഗിയില്‍ പരീക്ഷാ കേന്ദ്രത്തില്‍ ഹിജാബ് അനുവദിച്ചതിന് ഉറുദു അധ്യാപകനായ മുഹമ്മദ് അലിക്കെതിരെ ശ്രീരാമസേന പരാതി നല്കി. കലബുറഗി ജില്ലയിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അശോക് ഭജന്ത്രി പറഞ്ഞു, ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. “സൗജന്യ മാസ്കുകള്‍ വിതരണം ചെയ്യുമെന്ന വ്യാജേന ചില സംഘടനകളിലെ അംഗങ്ങള്‍ സ്കൂളുകളില്‍ പ്രവേശിക്കുകയും ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ കണ്ടാല്‍ വീഡിയോ എടുക്കുകയും ചെയ്യുന്നു. ജെവര്‍ഗി സംഭവം അത്തരത്തിലുള്ള സംഭവത്തിന് ഒരു ഉദാഹരണമാണെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.
കലബുറഗി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് ഹാജരാകാത്തത്. കണക്കുകള്‍ പ്രകാരം, എന്റോള്‍ ചെയ്ത 46,380 വിദ്യാര്‍ത്ഥികളില്‍ 2,401 പേര് ബുധനാഴ്ച ഹാജരായി. ഹാജരാകാത്തവരും ഹിജാബ് പ്രശ്നവും തമ്മില്‍ ബന്ധമില്ലെന്ന് കര്‍ണാടക സെക്കന്‍ഡറി എജ്യുക്കേഷന്‍ എക്സാമിനേഷന് ബോര്‍ഡ് ഡയറക്ടര്‍ (പരീക്ഷ) ഗോപാല്‍കൃഷ്ണ എച്ച്എന്‍ പറഞ്ഞു