നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ പ്രത്യേക അന്വേഷക സംഘം നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയില്‍ എസ് ഐ ടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. മൊഴിയെടുക്കല്‍ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സാന്ദ്ര തോമസ് നിര്‍മിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തില്‍ വച്ച് വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് സാന്ദ്രയുടെ പരാതി. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെ്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നുമാണ് ലിസ്റ്റിന് സ്റ്റീഫന്റെ വാദം.
സാന്ദ്രയുടെ പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു. സാന്ദ്ര പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ച ആളായതിനാലാണ് തന്നെ മൊഴിയെടുക്കാനായി വിളിപ്പിച്ചതെന്ന് ലിസ്റ്റിന് സ്റ്റീഫന്‍ പറഞ്ഞു. കമ്മിറ്റിയില്‍ പങ്കെടുത്ത 21 പേരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. യോഗത്തില്‍ നടന്ന കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് പോലീസ് ചെയ്തത് എന്നും ലിസ്റ്റിന് സ്റ്റീഫന്‍ പറഞ്ഞു. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് സാന്ദ്ര തോമസിനെ അടുത്തിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കിയിരുന്നു.