എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. ട്രെയിനില്‍ തീവെച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അക്രമം നടത്തി നാലാം ദിവസമാണ് പ്രതി പിടിയിലായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. ഇന്നലെ രാത്രിയില്‍ രത്നഗിരിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
ഏജന്‍സികളുടെ സംയുക്ത നീക്കത്തിലാണ് ഷഹറൂഖ് സെയ്ഫിനെ പിടികൂടിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ രത്നഗിരിയില്‍ എത്തിയതെന്നാണ് സൂചന. കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.
ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്നഗിരിയിലെ ആശുപത്രിയില്‍ എത്തിയത്. പോലീസ് എത്തിയപ്പോള്‍ ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പോലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പിടികൂടിയ പ്രതിയെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.
ദൃക്സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളും എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ നിന്നും കിട്ടിയ ബാഗില്‍ നിന്നും ലഭിച്ച തെളിവുകളുമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. ഞായറാഴ്ചയാണ് രാജ്യത്തെ തന്നെ നടുക്കിയ ആക്രമണം നടന്നത്. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊള്‍ ഒഴിച്ച ശേഷം പ്രതി തീകൊളുത്തുകയായിരുന്നു. 9 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ട്രെയിനില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രാണരക്ഷാര്‍ഥം ട്രെയിനില്‍ നിന്നും ചാടിയ 3 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. രത്നഗിരി റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലാണ് ഷാറൂഖ് സെയ്ഫി നിലവിലുള്ളത്.