തിരുവനന്തപുരം: ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ ഭര്‍ത്താവിന്റെ മുഖത്ത് ഷെമി ഏറെനേരം നോക്കി. പിന്നീട് വേദനകള്‍ കടിച്ചമര്‍ത്തി മെല്ലെ ചോദിച്ചത് ഒരുകാര്യം മാത്രം, തന്റെ ഇളയമകന് എവിടെ എന്ന്. അഫ്സാനെ കണ്ടു, പരീക്ഷയ്ക്ക് പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ട് വരാം എന്നായിരുന്നു കരച്ചിലടക്കി റഹീം മറുപടി നല്‍കിയത്.
മൂത്തമകന്റെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് ഷെമി ഭര്‍ത്താവിനോട് പറഞ്ഞില്ല. പൊന്നുപോലെ വളര്‍ത്തിയ ഇളയമകനെ നഷ്ടമായ വിവരം റഹീമും ഭാര്യയെ അറിയിച്ചില്ല. പരസ്പരം ഒന്നും പറയാനാകാതെ ഇരുവരും ഒരുമണിക്കൂര്‍ ചെലവിട്ടു. വിങ്ങിപ്പോട്ടിയാണ് റഹീം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.സൗദിയിലെ ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ രാവിലെ എട്ട് മണിയോടെയാണ് റഹീം തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരെയെത്തിയത് മകന്റെ ആക്രമണത്തില്‍ ഗുതുരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷെമിയുടെ അരികിലേക്കായിരുന്നു. ശേഷം തന്റെ ഇളയമകനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും അന്ത്യവിശ്രമം കൊള്ളുന്ന താഴേപാങ്ങോട്ടെ കബറിടത്തിലെത്തി.
അഫ്സാന്റെ കബറിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. ഓരോ ബന്ധുക്കളെത്തി ആശ്വസിപ്പിക്കുമ്പോഴും പൊട്ടിക്കരയുകയായിരുന്നു ആ പ്രവാസി.സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സൗദിയിലെ മലയാളികളായ സാമൂഹ്യ പ്രവര്‍ത്തകരുടെയും നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഇടപെടലിലൂടെയാണ് നാട്ടിലെത്താന്‍ സാധിച്ചത്. റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുള്‍ റഹീമിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുകയായിരുന്നു. രണ്ടര വര്‍ഷമായി ഇഖാമയും പുതുക്കാന്‍ കഴിഞ്ഞില്ല. സാമൂഹ്യ പ്രവര്ത്തകന് നാസ് വക്കമാണ് അബ്ദുള്‍ റഹീമിന്റെ രക്ഷയ്ക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്.