കേരളത്തെ ശ്രീലങ്കയാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണം – എം.എം.ഹസ്സന്‍

കേരളത്തെ കടക്കെണിയിലാക്കി അയല്‍രാജ്യമായ ശ്രീലങ്കയെപ്പോലെ തകര്‍ന്നടിയാന്‍ ഇടവരുത്തുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈനിനെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന ജനസദസ്സുകളുടെ ഭാഗമായി തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സഹകരണത്തോടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കായി ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് നടത്തിയ പഠന കളരിയുടെ ഉദ്‌ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എക്‌സ്‌പ്രസ്സ് ഹൈവേ, ആറന്മുള വിമാനത്താവളം, അതിവേഗ തീവണ്ടിപ്പാത എന്നിവ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ വെളിച്ചത്തില്‍ ഈ പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു.സില്‍വര്‍ലൈനിന് പ്ലാനിംഗ് കമ്മിഷന്‍ തയ്യാറാക്കിയ ചെലവ് 1,32,000 കോടിയാണെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 2 ലക്ഷം കോടി രൂപയ്‌ക്കുമുകളില്‍ വരും. ഇതിനോടകം കടക്കെണിയിലായ കേരളത്തിനെ കടത്തില്‍ മുക്കിക്കൊല്ലുന്നതായി മാറുമെന്നും എം.എംഹസ്സന്‍ പറഞ്ഞു.ലിഡാര്‍ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പ്രൊജക്‌ട് റിപ്പോര്‍ട്ടില്‍ പൊളിക്കാന്‍ പറഞ്ഞിട്ടുള്ള 9314ല്‍പരം കെട്ടിടങ്ങളില്‍ പ്രമുഖരായ ഒരാളുടെ പോലും കെട്ടിടം ഉള്‍പ്പെട്ടിട്ടില്ലെന്ന് പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് വേണ്ട 75ലക്ഷം മെട്രിക്‌ടണ്‍ പാറ നല്‍കാന്‍ സാധിക്കാത്തതുകൊണ്ടാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്. സില്‍വര്‍ ലൈനില്‍ 86 ലക്ഷം മെട്രിക്‌ടണ്‍ ആവശ്യമുണ്ടെന്ന് ഡി.പി.ആര്‍ പറഞ്ഞിരിക്കുന്നു. ഇത് എവിടെനിന്നു ലഭ്യമാക്കുമെന്ന് ഡി.പി.ആറിലോ കെ-റെയില്‍ അധികൃതരോ പറയുന്നില്ല. യുഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ചുകൊണ്ട് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുള്ളത്. പാരിസ്ഥിതികമായി കേരളത്തിന് നികത്താന്‍ പറ്റാത്ത ദോഷമായി മാറുമെന്ന് ശ്രീധര്‍ രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.സില്‍വര്‍ലൈന്‍ നടപ്പിലാക്കിയാല്‍ കേരളം സാമ്പത്തികമായി തകര്‍ന്നടിയുമെന്ന് രാജീവഗാന്ധി ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ പി.കൃഷ്‌ണകുമാര്‍ പറഞ്ഞു. പഠന ശീബിരത്തില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് ചാപ്‌റ്റര്‍ പ്രസിഡന്റ് പി.എസ്.ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ എ.ഐ.പി.സി സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാല്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍, ബി. രാജന്‍, ശ്രീകണഠ്‌ന്‍നായര്‍, വിതുരശശി, ചെമ്പഴന്തി അനില്‍, വിനോദ്‌സെന്‍ തുടങ്ങിവര്‍ സംബന്ധിച്ചു.