എസ്എംഎ മരുന്ന് വിവാദം! പറയാനുള്ളത് നിയമസഭയിൽ പറയും; വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്നും ബാക്കി കാര്യങ്ങൾ വരുന്ന നിയമസഭാ സമ്മേളനത്തിൽ വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഏതെങ്കിലും പ്രത്യേക കമ്പനിയെ സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല. കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ ചികിത്സിക്കുന്ന ഡോക്ടർമാർ തന്നെ പരിഹരിച്ചിട്ടുണ്ടെന്നും, രക്ഷിതാക്കൾ തന്നോട് ഇതുവരെ നേരിട്ട് ആശങ്കയൊന്നും അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവാദം നിലനിർത്തേണ്ടത് ചിലരുടെ ആവശ്യമാണെന്നും എന്നാൽ അതിന് സർക്കാർ നിന്നുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടോറസ് കമ്പനിയിൽ നിന്ന് മാത്രം മരുന്ന് വാങ്ങിക്കൂട്ടിയതിലാണ് സംശയങ്ങളുള്ളതെന്നും, ഇതിൽ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഒരു കമ്പനിയെയും സഹായിക്കേണ്ട കാര്യം കോൺഗ്രസിനോ സർക്കാരിനോ ഇല്ലെന്നും ആരിൽ നിന്നും പാർട്ടി പണം പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എസ്എംഎ മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാർ നടത്തിയ വാർത്താസമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിലാണ് സി.പി.ഐ.എം നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടിയുടെ അടിസ്ഥാന നിലപാട് മറന്നുള്ള വാദങ്ങളാണ് വാർത്താസമ്മേളനത്തിൽ ഉയർന്നതെന്നും അതിൽ പിഴവ് സംഭവിച്ചെന്നും പാർട്ടിയിൽ വിമർശനമുണ്ട്. ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിന് പകരം, മരുന്ന് പരീക്ഷണം എന്ന വാദം മുന്നോട്ടുവെച്ചത് വീഴ്ചയായെന്നാണ് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.