ഐ.എന്‍.ടി.യു.സിയും പ്രതിപക്ഷനേതാവും തമ്മിലുള്ള തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം

തിരുവനന്തപുരം: പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സംസ്ഥാന ഐ.എന്‍.ടി.യു.സിയും തമ്മിലുള്ള തര്‍ക്കത്തിന് താല്‍ക്കാലികവിരാമമായി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മുന്‍കൈയെടുത്ത് വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചയിലാണ് ഒടുവില്‍ താല്‍ക്കാലികാശ്വാസമായത്. തര്‍ക്കം പരിഹരിച്ചുവെന്നും ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യഘടമാണെന്നും ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.സുധാകരന്‍ പത്രലേഖകരെ അറിയിച്ചു. ചര്‍ച്ച പ്രൂര്‍ണ്ണ സംതൃപ്തി നല്‍കുന്നതാണെന്ന് ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും അറിയിച്ചു.
ഇന്നലെ രാവിലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ വസതിയില്‍ സന്ദര്‍ശിച്ച ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി.ഡിസതീശന്റെ വിവാദ പ്രസ്താവനയില്‍ സംഘടനക്കുള്ള അതൃപ്തി അറിയിച്ചു. പ്രതിപക്ഷനേതാവ് അനവസരത്തില്‍ നടത്തിയ പ്രസ്താവന സംഘടനയേയും സംഘടനയിലെ തൊഴിലാളികളെയും അപമാനിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് ഐ.എന്‍.ടി.യു.സി പാര്‍ട്ടിക്കുവേണ്ടി നല്‍കുന്ന സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ടെലിഫോണില്‍ സംസാരിച്ചു. ഐ.എന്‍.ടി.യു.സി യെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷനേതാവ്, തനിക്കെതിരെ പരസ്യമായി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിലെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റിന്റെ അനുനയനീക്കം തുടരുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിച്ച പത്രസമ്മേളനവുമായി മുന്നോട്ടുപോയ ചന്ദ്രശേഖരന്‍, ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെന്നും പ്രതിപക്ഷനേതാവിന്റെ പ്രസ്താവന സംഘടനയെ പൊതുസമൂഹത്തില്‍ മോശമാക്കിയെന്നും തുറന്നടിച്ചു.
ഉച്ചക്കുശേഷം സുധാകരന്റെ പേട്ടയിലെ വസതിയില്‍ നടന്ന ഒരു മണിക്കൂറോളം നീണ്ട അവസാനവട്ട ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവും ഐ.എന്‍.ടി.യു.സി പ്രസിഡന്റും സംബന്ധിച്ചു. ഐ.എന്‍.ടി.യു.സിയെ സതീശന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സദുദ്ദേശ്യത്തോടെ ആയിരുന്നുവെന്നും ചര്‍ച്ചയില്‍ സുധാകരന്‍ വ്യക്തമാക്കി. ഐ.എന്‍.ടി.യു.സി പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ്. അതിനാല്‍ അനാവശ്യ വിവാദം അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഇത് സതീശനും ചന്ദ്രശേഖരനും അംഗീകരിച്ചതോടെ ഒരാഴ്ചയായി തുടര്‍ന്ന തര്‍ക്കത്തിന് പരിഹാരമായി.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ഐ.എന്‍.ടി.യു.സി പാര്‍ട്ടിയുടെ പോഷക സംഘടനയാണോയെന്ന ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാന്‍ തയാറായില്ല. പോഷക സംഘടനയ്ക്കും മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ സ്ഥാനമെന്നായിരുന്നു മറുപടി. ഇത് കോണ്‍ഗ്രസിന്റെ സ്വന്തം സംഘടനയാണെന്നും വിശദീകരിച്ചു. ഐ.എന്‍.ടി.യു.സി ഇല്ലാതെ കേരളത്തില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ്. വി.ഡി സതീശന്‍ ഐ.എന്‍.ടി.യു.സിയെ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ചുള്ള പ്രചരണം മാധ്യമസൃഷ്ടിയാണ്. കെ.പി.സി.സി നേതൃത്വത്തില്‍ ഐ.എന്‍.ടി.യു.സിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കും. സതീശനെതിരെ പ്രകടനം നടത്തിയവര്‍ക്കെതിരെ ഐ.എന്‍.ടി.യു.സി നേതൃത്വം നടപടിയെടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.
ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തനാണെന്നും സംഘടനയ്ക്ക് ഇത്രയും വലിയ പിന്തുണ വേറൊരു കെ.പി.സി.സി പ്രസിഡന്റും ഇന്നേവരെ നല്‍കിയിട്ടില്ലെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ പ്രകടനം നടത്തിയതിനെപ്പറ്റി അനേ്വഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.