സ്പീക്കർ തിരഞ്ഞെടുപ്പ് ആരംഭിച്ചു; ഓം ബിർലയുടെ പേര് നിർദേശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി∙ ലോക്സഭയുടെ സ്പീക്കർ ആരെന്ന് ഉടനറിയാം. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ നിലവിലെ സ്പീക്കർ ഓം ബിർലയെ സ്ഥാനാർഥിയാക്കിയപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെയാണ് നിർത്തിയിരിക്കുന്നത്. 293 അംഗങ്ങളുടെ പിന്തുണയുള്ള എൻഡിഎ സഖ്യത്തിന് 307 വോട്ടുകൾ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

ഒാം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങൾ ആണ് എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഒാം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിനെ പിന്താങ്ങുന്നു. ഈ പ്രമേയമാവും ആദ്യം വോട്ടെടുപ്പിന് പരിഗണിക്കുക.

അതേസമയം, ശശി തരൂർ ഉൾപ്പെടെയുള്ള ചില എംപിമാർ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തിൽ ഇന്നത്തെ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. എന്നാൽ ഇവരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമേ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉണ്ടാകൂയെന്നാണ് വിവരം. ഇന്ത്യാ സഖ്യത്തിലെ 232 എംപിമാരിൽ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. രണ്ടു സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്സഭയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *